സെക്രട്ടറിയേറ്റ് ഉപരോധം: ഷാഫി പറമ്പിലും കെഎസ് ശബരീനാഥനും കൊവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ കന്റോണ്മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എമാര്‍ ക്വാറന്റൈനില്‍ പോയത്.

ജില്ലയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ ഇരുപത് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഗണ്മാന് രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഏഴു പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തുമ്പ പോലീസ് സ്റ്റേഷനില്‍ 11 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സമരക്കാരെ നേരിടാന്‍ രംഗത്തുണ്ടായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പോസിറ്റീവായിട്ടുണ്ട്.

Exit mobile version