കൊല്ലം: വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ കൊട്ടിയം സ്വദേശിനി ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പോലീസിൽനിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞദിവസം കേസ് ഡയറി ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചുവരികയാണ്. പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിന്റെ ആരോപണത്തിന് വിധേയരായ ഹാരിഷിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യയായ സീരിയൽ നടി എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.
വിവാഹനിശ്ചയത്തിന് ശേഷം ഹാരിഷ് മുഹമ്മദ് വിവാഹത്തിൽനിന്ന് പിന്മാറിയതോടെയാണ് കൊട്ടിയത്തെ യുവതി ജീവനൊടുക്കിയത്. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെ പലതവണയായി ഹാരിഷ് മുഹമ്മദ് യുവതിയുടെ വീട്ടുകാരിൽനിന്ന് പണം കൈക്കലാക്കിയിരുന്നു. യുവതിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതായും യുവതിയുടെ കുടുംബം പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)