കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് വാടകക്ക് എടുത്ത് നൽകിയതിന്റെ പേരിൽ കോഴിക്കോട് സിവിൽ പോലീസ് ഓഫീസർ സസ്‌പെൻഷൻ ചെയ്യപ്പെട്ടത് വിവാദമാകുന്നു. സേനയുടെ പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് എസ്പി എവി ജോർജാണ് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്റ് ചെയ്തതായുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്റ് ചെയ്തത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്‌പെഷൻ എന്ന് ഉത്തരവിൽ പറയുന്നു. 31 വയസ്സുള്ള അധ്യാപികക്ക് ജോലി ആവശ്യത്തിനായി നഗരത്തിൽ ഫ്‌ളാറ്റെടുക്കുന്നതിനായി സുഹൃത്തായ ഉമേഷ് സഹായിച്ചിരുന്നു. എന്നാൽ, യുവതി സ്വന്തം വീട്ടിൽ നിന്നും താമസം മാറ്റിയതിനെ തുടർന്ന് യുവതിയുടെ അമ്മ പോലീസിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഫ്‌ളാറ്റിൽ ഉമേഷ് നിത്യസന്ദർശകനാണെന്നും അച്ചടക്ക സേനയുടെ അന്തസ്സിനും സൽപേരിനും കളങ്കം വരുത്തുന്ന രീതിയിൽ ഉമേഷ് പ്രവർത്തിച്ചുവെന്നുമാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. എന്നാൽ സിറ്റി പോലീസ് കമ്മീഷണറായ എവി ജോർജ് തന്നോടുള്ള വ്യക്തിവിരോധം തീർക്കുകയാണ് സസ്‌പെൻഷനിലൂടെയെന്നാണ് ഉമേഷ് വള്ളിക്കുന്ന് പറയുന്നത്.
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.- ഉമേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം, തന്റെ അറിവോടയല്ല, കേസും സസ്‌പെൻഷനുമെന്ന പരാതിയുമായി യുവതിയും രംഗത്തെത്തി. താൻ സ്വന്തം താൽപര്യപ്രകാരം മാറി താമസിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ ഫ്‌ളാറ്റിലെത്തി മൊഴിയെടുത്തത് എന്തിനാണെന്ന് പോലും പറയാതെയാണെന്നും യുവതി ആരോപിച്ചു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.
2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരിൽ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു’ എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്‌പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.
അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.
ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
Discussion about this post