തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോഗമനപരമായി വഴി തിരിച്ച് വിട്ടയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സർക്കാരിന്റേതായി ഒരു ഗുരു പ്രതിമയുണ്ടായിരുന്നില്ലെന്നും ഈ പോരായ്മ മാറ്റാനാണ് സർക്കാർ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി തലസ്ഥാനത്തെ ഗുരു പ്രതിമ സ്ഥാപനവുമായി ബന്ധപ്പെട്ട് പറഞ്ഞു.
ഗുരുവിന്റെ വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി അമൂർത്തമായ സ്മാരകങ്ങൾക്കും മൂർത്തമായ സ്മാരകങ്ങൾക്കും പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ സന്ദേശത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. കാലം മാറിയിട്ടും ദുരാചാരങ്ങൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലും മന്ത്രവാദം മുതൽ സ്ത്രീ വിരുദ്ധ പ്രചാരണം വരെ നടക്കുന്നുണ്ട്. ഇതിനെ തോൽപ്പിക്കാൻ ഗുരു സന്ദേശം പ്രസക്തമാണ്.ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മതമേതായലും എന്ന് പറഞ്ഞത് മാനവിക വീക്ഷണമാണ് ഒരു സമുദായത്തിൽ മാത്രമല്ല എല്ലാ സമുദായത്തിലും ഗുരു സന്ദേശം അലയൊലി ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
ചട്ടമ്പിസ്വാമിക്കും തലസ്ഥാനത്ത് സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒബ്‌സർവേറ്ററി ഹിൽസിലാണ് ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post