എരമംഗലം: നാലാംക്ലാസുകാരി സാമികയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുക്കുകള്‍ വില്ക്കാന് ഇറങ്ങിയിരിക്കുകയാണ് രമ്യാ ബാബു എന്ന അധ്യാപിക. ഈഴുവത്തിരുത്തി എഎല്‍പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സാമിക. പുതുപൊന്നാനി എഎല്‍പി സ്കൂളിലെ അധ്യാപികയാണ് രമ്യാബാബു.
2019 ഡിസംബര്‍ 18-ന് പൊന്നാനി കൊല്ലന്‍പടി സ്വദേശി ടി മുഹമ്മദ് ഷാഫിയുടെ മകള്‍ സാമികയും സഹോദരങ്ങളും സ്കൂള്‍വിട്ട് വീട്ടിലേക്കുവരുമ്പോഴാണ് അവര്‍ക്ക് അപകടമുണ്ടാകുന്നത്. മുത്തശ്ശിയുടെ കൈപിടിച്ച് ചമ്രവട്ടം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കാറിടിച്ച് ഗുരുതരമായ പരിക്കേറ്റത്. അപകടത്തില്‍ ചികിത്സയിലിരിക്കെ മുത്തശ്ശി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാമികയുടെ ചികിത്സ തുടരുകയാണ്.
വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ ഈ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് അധ്യാപികയുടെ ഇടപെടല്‍. രമ്യാബാബു തന്റെ ആദ്യ കവിതാസമാഹാരമായ ‘ഇരുള്മേഘങ്ങള്ക്ക് പറയാനുള്ളത്’ എന്ന പുസ്തകം തെരുവുകളിലിറങ്ങിയും സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തിയും വില്‍പ്പന നടത്തുന്നത്.
തന്റെ അധ്യാപിക കൂടിയായ പൊന്നാനി ന്യൂ എല്‍പി സ്കൂളിലെ അധ്യാപിക പ്രേമയുടെ വലിയ പിന്തുണയും ഈ അധ്യാപികയ്ക്കുണ്ട്. 100 രൂപ വിലവരുന്ന ഈ പുസ്തകത്തിന്റെ 100 കോപ്പി വില്‍പ്പന നടത്തി ലഭിക്കുന്ന തുക സാമികയുടെ ചികിത്സയ്ക്ക് നല്‍കുകയാണ് ലക്ഷ്യമിടുന്നത്. ഈ നന്മ മനസിനാണ് ഇന്ന് ജനം കൈയ്യടിക്കുന്നത്.
Discussion about this post