കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. സ്വപ്‌ന സുരേഷ് ഉൾപ്പെടെ പ്രധാന പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ നൽകി.
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, പിഎസ് സരിത്, സന്ദീപ് നായർ, കെടി റമീസ്, ഹംജദ് അലി, മുഹമ്മദ് ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ. സെയ്തലവി എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വിഭാഗത്തിന്റെ അപേക്ഷ.
പിടിയിലായ പ്രതികളുടെ പണത്തിന്റെയും സ്വത്തുവകകളുടെയും ഉറവിടം വ്യക്തമല്ലെന്നും ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും അപേക്ഷയിൽ പറയുന്നു. പ്രതികൾക്കു ബിനാമി സ്വത്തുണ്ടെന്നു സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തണമെന്നും ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു.