കൊച്ചി: കേരളക്കരയാകെ തേടുന്നത് ആ ഭാഗ്യശാലിയെയാണ്. ഓണം ബംബർ ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യവാനെ. ടിക്കറ്റ് വിറ്റ അഗളർസ്വാമി പറയുന്നതാകട്ടെ ‘വിറ്റത് നാൻ താൻ. ആനാൽ, അത് യാരെന്ന് തെരിയാത്’- എന്നാണ്. ഒന്നാം സമ്മാനം നേടിയ TB173964 എന്ന ടിക്കറ്റ് വിറ്റത് താനാണെങ്കിലും ആരാണ് ടിക്കറ്റെടുത്തതെന്ന് അളഗർസ്വാമിക്ക് ഓർമ്മയില്ല. കൊച്ചി കടവന്ത്രയിൽ തട്ടടിച്ചാണ് ഈ അറുപത്തെട്ടുകാരൻ ലോട്ടറി വിൽപ്പന നടത്തുന്നത്. യാത്രക്കാരാണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത് എന്നതിനാൽ ആളെ ഓർക്കുക എളുപ്പമല്ലെന്ന് സമീപത്ത് കച്ചവടം നടത്തുന്ന മറ്റുള്ളവരും പറയുന്നു.
അതേസമയം, അളഗർസ്വാമിക്കും ഭാഗ്യവാനെ കണ്ടെത്താകാതെ വന്നതോടെ ഭാഗ്യവാനെ തേടിയുള്ള അന്വേഷണം തുടരുകയാണ്. പത്തുവർഷത്തിലേറെയായി അളഗർസ്വാമി ലോട്ടറി വിൽപന നടത്തുന്നു. ചെറുസംഖ്യകളല്ലാതെ ഇത്രയും വലിയ തുക ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിക്കുന്നത് ആദ്യമായാണ്. വർഷങ്ങൾക്ക് മുമ്പേ തമിഴ്നാട് ഡിണ്ടിഗലിൽ നിന്ന് ജോലി തേടി കേരളത്തിൽ എത്തിയതാണ് ഇദ്ദേഹം. പറമ്പിലും മറ്റും പണിയെടുത്തായിരുന്നു ഉപജീവനം.
എറണാകുളം കച്ചേരിപ്പടിയിലുള്ള വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് അളഗർസ്വാമി ടിക്കറ്റെടുക്കുന്നത്. ഒന്നാം സമ്മാനവും നാലാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ രണ്ടു ടിക്കറ്റുകളും ഈ ഏജൻസിയിൽ നിന്നാണ് വിറ്റുപോയത്. അളഗർസ്വാമി വർഷങ്ങളായി ഇവിടെ നിന്നാണ് ടിക്കറ്റെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഏജൻസി ഉടമ അജേഷ് കുമാർ പറഞ്ഞു.
ചിത്രം കടപ്പാട്: മാതൃഭൂമി
Discussion about this post