തൃശൂര്‍: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും മണ്ണ്, പാറ ഉള്‍പ്പെടെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പുഴകളില്‍ ജലനിരപ്പുയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റും.
തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലര്‍ത്താനും സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. കടല്‍ തീരം സന്ദര്‍ശിക്കുന്നതിനും കടലില്‍ ഇറങ്ങുന്നതും വിലക്ക് ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു. പകല്‍ സമയത്തും ഈ ഭാഗങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം എന്ന് ജില്ല അധികൃതര്‍ അറിയിച്ചു.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം എന്ന് അധികൃതര്‍ അറിയിച്ചു.ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Discussion about this post