തിരുവനന്തപുരം: ആർടിഒയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് തച്ചങ്കരിക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ കേസ്. ഈ കേസിൽ തെളിവില്ലെന്ന് പറഞ്ഞാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടൊപ്പം സമർപ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റൽ തെളിവുകൾക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലൻസ് പറയുന്നത്.
അതേസമയം, നേരത്തെ പരാതി ഉയർന്നപ്പോൾ അന്നത്തെ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആണ് തച്ചങ്കരിക്കെതിരേ അന്വേഷണത്തിന് ശുപാർശ ചെയ്തത്. അതേസമയം തന്നെ റിപ്പോർട്ടിൽ വകുപ്പു തല അന്വേഷണം നടത്താമെന്ന ശുപാർശ വിജിലൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്.
Discussion about this post