തിരുവനന്തപുരം: കരമന കൂടത്തിൽ തറവാടിന്റെ കുടുംബസ്വത്തുക്കൾ തട്ടിയെടുക്കാൻ കാര്യസ്ഥൻ രവീന്ദ്രൻ നായർ ശ്രമിച്ചതായി ക്രൈംബ്രാഞ്ച്. കൂടത്തിൽ കുടുംബത്തിലെ ഏഴംഗങ്ങളുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ കൂടെയാണ സ്വത്ത് തട്ടിപ്പ് കേസും ചുമത്തിയിരിക്കുന്നത്. കേസിൽ കാര്യസ്ഥനെ ക്രൈംബ്രാഞ്ച് പ്രതിയാക്കും. കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പ്രതിചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകുമെന്നാണ് റിപ്പോർട്ട്.
വിൽപത്രം തയാറാക്കിയത് ഉൾപ്പെടെ സ്വത്ത് കൈമാറ്റം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. 15 കോടിയുടെ സ്വത്താണ് ഇത്തരത്തിൽ ഇയാൾ കൈക്കലാക്കിയിരുന്നത്. നേരത്തെ കുടുംബാംഗങ്ങളുടെ മരണത്തെ സംബന്ധിച്ച് പരാതികൾ ഉയർന്ന ഘട്ടത്തിൽ, മരണത്തിൽ ദുരൂഹതയില്ലെന്നും സ്വത്തുക്കൾ ഇഷ്ടപ്രകാരം എഴുതിത്തന്നതാണെന്നും ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർ പറഞ്ഞിരുന്നു.
കേസിൽ കൂടുതൽ പേരെ പ്രതിചേർക്കും. അതേസമയം, ദുരൂഹമരണങ്ങളിൽ അന്വേഷണം തുടരുകയാണ്. ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് കഴിഞ്ഞ വർഷം ബന്ധുവാണ് പരാതി നൽകിയത്. കോഴിക്കോട് കൂടത്തായ് കൊലപാതകം പുറത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടത്തിൽ കുടുംബത്തിലെ ഏഴംഗങ്ങളുടെ മരണവും വലിയ ചർച്ചയായിരുന്നു. കരമന സ്വദേശി ജയമാധവൻ നായരുടെ കുടുംബത്തിലാണ് ഏഴ് മരണം സംഭവിച്ചത്. ജയൻ മാധവനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.
1991 മുതൽ 2017 വരെയുളള കാലഘട്ടത്തിൽ കൂടത്തിൽ കുടുംബത്തിൽ ഉണ്ടായ മരണങ്ങളാണ് സംശയങ്ങളുയർത്തിയത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് മരിച്ചവർ. ഇതിൽ 2017ൽ ഏറ്റവും അവസാനം മരണപ്പെട്ട ജയമാധവൻ നായർ കാര്യസ്ഥനായ രവീന്ദ്രൻ നായരുടേയും മകന്റെയും പേരിൽ സ്വത്തുക്കൾ എഴുതി വെച്ചുവെന്നായിരുന്നു രേഖകൾ. ഇതാണ് ഇപ്പോൾ വ്യാജമെന്ന് തെളിഞ്ഞത്.
പരാതിയെ തുടർന്ന് മരണങ്ങൾ നടന്ന കരമന കൂടത്തിൽ തറവാട് ഫൊറൻസിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചിരുന്നു. ജയമാധവൻ നായർ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ജയമാധവൻ നായർ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറൻസിക് സയൻസ് ലാബിന്റെ കണ്ടെത്തൽ. തലയിൽ ക്ഷതമേൽക്കാൻ കാരണമായ കട്ടിലിന്റെ വശങ്ങൾ ഫൊറൻസിക് സംഘം ശേഖരിച്ചു. മരണകാരണം തലയ്‌ക്കേറ്റ ക്ഷതം തന്നെയാണെന്നും കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകൾ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നുമായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് ആരിഫ് പറഞ്ഞത്.