തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമായി. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കടല്‍ ക്ഷോഭവും ശക്തമാണ്. അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജലസംഭരണികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍, കല്ലാര്‍ക്കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വയനാട് ബാണാസുര സാഗര്‍ ഡാം ഉച്ചക്ക് മൂന്നിന് തുറക്കും.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി.
മലപ്പുറത്തും, കാസര്‍കോട് മഴതുടരുകയാണ്. കാസര്‍കോട് ജില്ലയിലെ മധുവാഹിനി ,തേജസ്വിനി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
കണ്ണൂരിലെ മലയോര മേഖലകളിലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട് ജില്ലയില്‍ ഇടവിട്ടാണ് മഴ ലഭിക്കുന്നത്. കോഴിക്കോട് മഴ ശക്തമാണ്. നാളെ രാത്രി വരെ കേരള തീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കോഴിക്കോട് വെളളയില്‍ തീരത്ത് മത്സ്യബന്ധനബോട്ടിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞു. മലപ്പുറം താനൂരിലും ഒരു മത്സ്യബന്ധനബോട്ട് തകര്‍ന്നു. ആലുവ എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞു വീണു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു.
Discussion about this post