തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് എസ്‌സിഎസ്ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇപ്പോഴുള്ളതിന് പുറമെ 8500 പഠന മുറികള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്‌സിഎസ്ടി വിഭാഗങ്ങളിലെ പഠന മുറികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 12250 പഠനമുറികളും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 250 സാമൂഹ്യ പഠനമുറികളുമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായൊരു പഠനമുറി നിര്‍മിച്ചു നല്‍കാനാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. വീടിനോടു ചേര്‍ന്ന് പുതിയൊരു മുറി നിര്‍മിച്ച് അതില്‍ പഠനസാമഗ്രികള്‍ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
പട്ടികവര്‍ഗ ഊരുകളില്‍ സാമൂഹ്യ പഠനമുറികളാണ് നിര്‍മിക്കുന്നത്. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. കമ്പ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളും പഠനമുറികളില്‍ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ തന്നെയാണ് ഇതിന്റെ ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചത്. പഠിക്കുന്നവര്‍ക്കും പഠന ശേഷം ജോലി തേടുന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ പദ്ധതിയാണിത്.
പഠനമുറികള്‍ യാഥാത്ഥ്യമായതോടെ എസ്. എസ്. എല്‍. സി, പ്ളസ് ടു പരീക്ഷകളില്‍ ഈ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിജയം നേടാനായി. എസ്. സി, എസ്. ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പഠനം ഗോത്രഭാഷയിലൂടെയായത് വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
പഠനത്തിന് കൂടുതല്‍ വായ്പ സൗകര്യവും സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്കായി കൂടുതല്‍ തുകയും അനുവദിച്ചു. എസ്‌സിഎസ്ടി വിഭാഗങ്ങളില്‍ ലൈഫ് പദ്ധതിയില്‍ പേരു നല്‍കാന്‍ വിട്ടുപോയവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.