തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 12250 പഠനമുറികളുടെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.
വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായൊരു പഠനമുറി നിര്‍മിച്ചു നല്‍കാനാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. വീടിനോടു ചേര്‍ന്ന് പുതിയൊരു മുറി നിര്‍മിച്ച് അതില്‍ പഠനസാമഗ്രികള്‍ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 500 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്താകെ 25000 പഠനമുറികളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. അതില്‍ പൂര്‍ത്തിയായ 12250 പഠനമുറികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ടികവര്‍ഗ വിഭാഗത്തിന് 32.50 കോടി രൂപ ചെലവഴിച്ച് 500 സാമൂഹ്യ പഠനമുറികളും നിര്‍മിക്കും. അതില്‍ പണി പൂര്‍ത്തിയായ 250 സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സാമൂഹ്യ പഠനമുറികളില്‍ പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക അധ്യാപകരുണ്ടാകും. കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനം വൈകിട്ട് മൂന്ന് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. തടപ്പറമ്പ് കോളനി (തിരുവമ്പാടി നിയമസഭാ മണ്ഡലം), പുലിപ്പാറക്കുന്ന് കോളനി (ചാലക്കുടി മണ്ഡലം), പുതുശ്ശേരി കോളനി (കുന്നംകുളം മണ്ഡലം), മലയങ്കാട് വെസ്റ്റ് കോളനി (ആലുവ മണ്ഡലം), എസ് എം പി കോളനി(തൃപ്പൂണിത്തുറ മണ്ഡലം), ഖാന്‍ മുണ്ടയ്ക്കല്‍ കോളനി (ചിറയിന്‍കീഴ് മണ്ഡലം) എന്നീ അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ ബി.ഡി. ദേവസ്സി, എം. സ്വരാജ്, അന്‍വര്‍ സാദത്ത്, ജോര്‍ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുക്കും.