തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ മേഖലയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. പൊഴിയൂരിലാണ് ഇത്തരത്തില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പേരിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പിഎച്ച്സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്റാണ് ഇത്തരത്തില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപം ഉന്നയിച്ചത്. മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പൊഴിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
മത്സ്യബന്ധനത്തിനായി മറ്റ് മേഖലകളിലേക്ക് പോകുന്നവര്‍ക്കാണ് കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിപ്പ് നടത്തുന്നത്. പൊഴിയൂരിന് പുറമേ പൂവാര്‍, വിഴിഞ്ഞം മേഖലകളിലും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Discussion about this post