മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായ ആദിവാസി കുടുംബങ്ങള്‍ക്ക് 10 സെന്റു ഭൂമി വീതം കൈമാറി. ആധാരം ചെയ്താണ് ഭൂമി കൈമാറിയത്. ഇതോടെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരു കോളനിയായി താമസിക്കാനുളള അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുങ്ങും.
കഴിഞ്ഞ 13 മാസമായി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്കാണ് നടപടി ആശ്വാസകരമായത്. പ്രധാന പാതയില്‍ നിന്ന് 150 മീറ്റര്‍ മാത്രം മാറി ഞെട്ടിക്കുളം ആനപ്പായിലാണ് 32 ആദിവാസി കുടുംബങ്ങള്‍ക്കും 10 സെന്റ് വീതം ഭൂമി രേഖാമൂലം കൈമാറിയത്. എല്ലാ വീടുകളിലേക്കും 13 അടി വീതിയില്‍ വഴിയുണ്ട്.
പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി 4 സെന്റും കുടിവെളള ടാങ്ക് നിര്‍മ്മിക്കാന്‍ പ്രത്യേകം സ്ഥലവും മാറ്റിവച്ചിട്ടുണ്ട്. ഒരോ കുടുംബത്തിനും 10 സെന്റു ഭൂമിക്ക് മൂന്നേമുക്കാല്‍ ലക്ഷം രൂപ വീതമാണ് ചെലവായത്. സര്‍ക്കാര്‍ ഒരു കുടുംബത്തിന് 6 ലക്ഷം രൂപ വീതം അനുവദിച്ചതുകൊണ്ട് അധികം ലഭിച്ച 70 ലക്ഷം രൂപ സര്‍ക്കാരിലേക്കു തന്നെ തിരിച്ചടക്കും. ഭൂമി യാഥാര്‍ത്ഥ്യമായതോടെ വീടു നിര്‍മാണവും അതിവേഗം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.