ഇടുക്കി: പിജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച കരിങ്കുന്നത്ത് എംഎല്‍എ പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. നിരീക്ഷണത്തില്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി എംഎല്‍എ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 48 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 165 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. തിരുവനന്തപുരം 926 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍കോട് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 501ആയി ഉയര്‍ന്നു.
Discussion about this post