കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം ടാക്‌സിയിൽ യാത്ര ചെയ്യവെ അജ്ഞാതസംഘം പിടിച്ചുകൊണ്ടുപോയ യാത്രക്കാരൻ വീട്ടിലെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ റിയാസിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ പതിനൊന്നരയോടെ ഇയാൾ കുറ്റ്യാടിയിലെ വീട്ടിൽ തിരിച്ചെത്തിയത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. അബുദാബിയിൽ നിന്നും ഇന്നലെ രാത്രിയാണ് റിയാസ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. കക്കടാംപൊയിലിലെ ക്വാറൻറീൻ കേന്ദ്രത്തിൽ നിന്നും വരുത്തിയ ടാക്‌സി കാറിലാണ് റിയാസ് യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കൊണ്ടോട്ടി കാളോത്ത് വച്ചാണ് മൂന്നു കാറുകളിലായി എത്തിയ സംഘം റിയാസിനെ ടാക്‌സി കാർ തടഞ്ഞു നിർത്തി പിടിച്ചിറക്കികൊണ്ടുപോയത്. ടാക്‌സി ഡ്രൈവർ അഷറഫാണ് വിവരം കൊണ്ടോട്ടി പോലീസിൽ അറിയിച്ചത്.
പത്തു പേരുണ്ടായിരുന്നു സംഘത്തിലെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞിരുന്നു. സംഭവം നടന്ന സ്ഥലത്ത് സിസിടിവിക്യാമറകളൊന്നും ഇല്ലായിരുന്നുവെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ റിയാസിനെ കയറ്റിയ വാഹനവും അകമ്പടി വാഹനങ്ങളും അരീക്കോട് ഭാഗത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.
Discussion about this post