തിരുവനന്തപുരം: ‘ലെപ്റ്റാര്‍മ ബിജു’ , കേട്ടാല്‍ ഒരു മനുഷ്യന്റെ പേരിനോട് സാമ്യം തോന്നുമെങ്കിലും പുതിയ ഇനം ഞണ്ടിന്റെ പേരാണിത്. കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ നിന്നു കണ്ടെത്തിയ പുതിയ ഇനം ഞണ്ടിനാണ് ‘ലെപ്റ്റാര്‍മ ബിജു’ എന്ന് പേര് നല്‍കിയിരിക്കുന്നത്.
ലെപ്റ്റാര്‍മ എന്ന ഇനത്തില്‍ പെടുന്ന ഞണ്ടിനെ രാജ്യത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കാസര്‍കോട് ചിത്താരി അഴിമുഖത്തു നിന്നാണ് പുതിയ ഇനം ഞണ്ടിനെ കണ്ടെത്തിയത്. കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം, സിങ്കപ്പൂര്‍ നാഷനല്‍ യൂണിവേഴ്സിറ്റി, ലീ കോങ്ങ് ചിയാന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയുടെ സംയുക്ത പഠനത്തിലാണ് കണ്ടെത്തല്‍.
സമുദ്ര ജൈവ വൈവിധ്യ ഗവേഷണത്തില്‍ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം വകുപ്പ് മേധാവിയും വെങ്ങാനൂര്‍ സ്വദേശിയുമായ പ്രഫ ബിജു കുമാര്‍ നല്‍കിയന്ന സംഭാവനകള്‍ പരിഗണിച്ചാണ് ലെപ്റ്റാര്‍മ ബിജു എന്ന പേര് നല്‍കിയിരിക്കുന്നത്.
കണ്ടല്‍മരത്തില്‍ വേഗം കയറാന്‍ പിന്നിലെ നീണ്ടകാലുകള്‍, കാലുകളുടെ അഗ്രഭാഗത്തെ വളഞ്ഞ ഭാഗം എന്നിവ ഇവയെ സഹായിക്കുന്നു. ചതുരാകൃതിയിലുള്ള ഇളംമഞ്ഞ പുറംതോടില്‍ ഇരുണ്ട കരിഞ്ചുവപ്പ് നിറത്തിലുള്ള മറുകുകള്‍, പുറംതോടില്‍ പിന്‍ഭാഗത്തു പാര്‍ശ്വങ്ങളിലും കാലുകളിലും സങ്കീര്‍ണ്ണമായ വരകള്‍, തോടിനു മുന്നിലേക്ക് കൂടുതല്‍ തള്ളി നില്ക്കുന്ന കണ്ണുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
പുറംതോടിന്റെ പരമാവധി നീളവും വീതിയും യഥാക്രമം 14.2, 13.9 മില്ലീമീറ്റര്‍. ഞണ്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
Discussion about this post