കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന് സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. മുമ്പ് നല്കിയ മൊഴി സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായില്ല. മുമ്പത്തെ മൊഴി സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നതിനെ തുടര്‍ന്ന് കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു.
എന്നാല്‍, കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇരുവരും കൂറുമാറിയയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയാണ് താരത്തിനെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഹര്‍ജി പരിഗണിക്കുക. ദിലീപിനെതിരായ പ്രോസിക്യൂഷന് സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് നടന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.
നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികളും കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന് ദിലീപിനെതിരെ കോടതിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് വിചാരണ മുടങ്ങിയതോടെ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം.
Discussion about this post