തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ പ്രതിഷേധ സമരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് എംഎൽഎമാരായ ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥൻ എന്നിവർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരസ്യമായ പ്രോട്ടോക്കോൾ ലംഘനവും ക്രമസമാധാന പ്രശ്‌നങ്ങളും നടത്തുകയാണ് സമരക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, കേരള പകർച്ചവ്യാധി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരമുള്ള നിയമനടപടിയാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബർ 11 മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉണ്ടായ സമരങ്ങളിൽ നടന്ന സംഘർഷങ്ങളിൽ 385 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1131 പേർ അറസ്റ്റിലായി. 1621 കേസുകളുമുണ്ട്. ഈ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബിജെപി, മഹിളാ മോർച്ച, കെഎസ്‌യു, എംഎസ്എഫ്, യുവമോർച്ച, മുസ്‌ലിം ലീഗ് പ്രവർത്തകർ വിവിധ ജില്ലകളാിലായി അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ മാർഗനിർദേശ പ്രകാരം പ്രത്യേക ആവശ്യങ്ങൾക്ക് 50 പേർ വരെയാണ് കൂട്ടംകൂടാൻ അനുവാദമുള്ളത്. എന്നാൽ സെപ്തംബർ 21 മുതലാണ് രാഷ്ട്രീയ സാംസ്‌ക്കാരിക കല മതപരമായ കാര്യങ്ങൾക്കായി 100 പേർക്ക് വരെ കൂടിച്ചേരാൻ അനുമതിയുള്ളത്. നിലവിൽ മറ്റു കൂടിച്ചേരലുകൾ അനുവദിക്കുന്നില്ല. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാവരും കാണുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ഒരുതരത്തിലും പാലിക്കുന്നില്ല എന്ന നിലയിലാണ് കാര്യങ്ങൾ. സമരവുമായി ബന്ധപ്പെട്ടവർ മാസ്‌ക് ധരിക്കുന്നില്ല, സാമൂഹിക അകലം പാലിക്കുന്നില്ല. എല്ലാവരും കാണുന്ന കാഴ്ചയാണിത്. ഇത് നിയമവിരുദ്ധമായ കൂട്ടംകൂടലായാണ് വരുന്നത്. പൊതുസ്വകാര്യ മുതലുകൾ നശിപ്പിക്കുന്ന കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. സ്വാഭാവികമായും ഇത്തരം ചെയ്തികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണം. ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ അനാവശ്യമായ കൂട്ടംകൂടലുകളെക്കുറിച്ച് അഭിപ്രായം പറയുക മാത്രമല്ല, നിശ്ചിത കാലയളവിൽ ഇത്തരം കൂടിച്ചേരലുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
Discussion about this post