തിരുവനന്തപുരം: മന്ത്രി ജലീൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മന്ത്രിക്കെതിരെ പരാതികൾ വന്നാൽ അന്വേഷണ ഏജൻസികൾ അതിൽ വ്യക്തത തേടും. അത് സ്വാഭാവികമാണ്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. തെറ്റുചെയ്തെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെടി ജലീലിന്റെ ഇടപെടലിൽ ഖുർആൻ വിതരണം ചെയ്തതാണല്ലോ പരാതിക്കിടയാക്കിയത്. ഖുറാൻ വേണമെന്ന് ജലീൽ ആവശ്യപ്പെട്ടിട്ടില്ല. സക്കാത്ത് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഖുറാൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലീലിനെയാണ് യുഎഇ കോൺസുലേറ്റ് അധികൃതർ ബന്ധപ്പെട്ടത്. അദ്ദേഹം അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല. ഖുറാൻ ഒളിച്ചുകടത്തിയതല്ലെന്നും സാധാരണ മാർഗത്തിലൂടെ വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വന്ന ഖുർആൻ അത് ക്ലിയർ ചെയ്ത് കൊടുത്തവരുണ്ട്. ഇവിടെ അത് സ്വീകരിച്ചവരുണ്ട്. അത് കഴിഞ്ഞതിനു ശേഷം ഖുർആൻ കുറച്ച് ബാക്കിയുണ്ട് അത് വിതരണം ചെയ്യാൻ സഹായിക്കണമെന്നാണ് കോൺസുലേറ്റ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിലാണ് കെടി ജലീലിനെ അവർ സമീപിച്ചത്. അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നിരുന്നാലും ഇക്കാരണത്താൽ കോൺഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തിനെതിരെ പരാതി കൊടുത്തു. കോൺഗ്രസും ബിജെപിയും പരാതി കൊടുത്തത് മനസ്സിലാക്കാം. എന്നാൽ ലീഗ് എന്തിനാണ് ഇവർക്കൊപ്പം ഒത്തുചേർന്ന് പരാതി കൊടുത്തത് എന്ന് മനസ്സിലാവുന്നില്ല.
റമദാൻ കാലത്ത് ഖുറാൻ നൽകുന്നതിൽ അസ്വഭാവികതയില്ല. മടിയിൽ കനമില്ല എന്നതുകൊണ്ടാണ് നേരെ പോയി ചോദ്യം ചെയ്യാൻ ഹാജരാവുന്നത്. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുൻപ് ജലീൽ എൻഐഎ ഓഫീസിൽ ഹാജരായത് നിലവിലെ പ്രതിഷേധസാഹചര്യം കണക്കിലെടുത്താണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അറിയാനാണ് എൻഐഎ വിളിപ്പിച്ചതാണ്. ചോദ്യം ചെയ്തത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതലാണ് കെടി ജലീലിനെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തത്. രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ എട്ടുമണിക്കൂറോളം നീണ്ടിരുന്നു.
ഇതോടൊപ്പെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെയും മുഖ്യമന്ത്രി വിമർശിച്ചു. ചില മാധ്യമങ്ങൾ ബോധപൂർവം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കൊവിഡ് അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ചില മാധ്യമങ്ങളെ വിമർശിച്ചത്.
വാർത്തകൾ നൽകുമ്പോൾ ഏത് മാധ്യമങ്ങളായാലും ചിലപ്പോൾ തെറ്റ്പറ്റിയേക്കാം. യാദൃശ്ചികമായി ഇങ്ങനെ പറ ബോധപൂർവം വ്യാജ വാർത്തകൾ ചമച്ച് അത് പ്രചരിപ്പിക്കുന്നതിനെയാണ് വ്യാജവാർത്തകളെന്ന് പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങളാണ് സമൂഹത്തിൽ ക്രിയാത്മകമായ പങ്കുവഹിക്കുന്നത്. വ്യാജവാർത്തകളുടെ കാര്യത്തിൽ അവർ ബദ്ധശ്രദ്ധരായിരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post