തിരുവനന്തപുരം: സമരത്തിന്റെ പേരിൽ സംസ്ഥാനത്ത് ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നടപടികൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സമരക്കാർക്ക് എതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടും എപ്പിഡമിക് ഓർഡിനൻസും പ്രകാരം നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11 മുതൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളെയാണ് മുഖ്യമന്ത്രി വിമർശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1131 പേർ അറസ്റ്റിലായി. സമരക്കാർ മാസ്‌ക് ധരിക്കുന്നില്ല. ശാരീരിക അലം പാലിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 1629 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരീനാഥ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കൊവിഡ് കാലത്ത് ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് സമരം നടത്തുന്നത്. ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. വലിയ കൂട്ടമായി പ്രതിഷേധക്കാർ തള്ളിക്കയറുന്നു. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ഒരു പ്രവർത്തനവും ഇക്കാലത്ത് സമൂഹത്തിൽ നടത്താൻ പാടില്ല. ഈ ഘട്ടത്തിൽ ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമെ കാണാനാവൂ. രോഗവ്യാപന ശ്രമം പ്രോത്സാഹിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post