തിരുവനന്തപുരം: എൻഐഎ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമെ ഉള്ളൂവെന്ന് മന്ത്രി കെടി ജലീൽ. എൻഐഎയ്ക്ക് മുൻപാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. നയതന്ത്ര പാഴ്‌സലായി എത്തിയ ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിൽ ചില വ്യക്തതകൾക്ക് വേണ്ടിയാണ് മന്ത്രിയോട് എൻഐഎ വിവരങ്ങൾ തേടിയതെന്ന് വ്യക്തമായി.
മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡൽഹിയിലുമുള്ള ഉദ്യോഗസ്ഥർ വിലയിരുത്തി. അവരുടെ കൂടി അനുമതി ലഭിച്ചാലുടൻ ജലീൽ മടങ്ങും. തന്നെ സ്‌നേഹിക്കുന്നവർക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ടെന്ന് ജലീൽ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോൺഗ്രസ് ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുതെന്നും ജലീൽ വ്യക്തമാക്കി.
വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോയെന്നും ജലീൽ ചോദിച്ചു. ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post