തൃശ്ശൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. നിലവില്‍ അധ്യയന വര്‍ഷത്തിന്റെ 40 ശതമാനം പിന്നിട്ടു. എന്നാല്‍ സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ നല്കാനായ ക്ലാസുകളുടെ വിഷയം തിരിച്ചുള്ള എണ്ണം വളരെ കുറവാണ്.
സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഓരോ വിഷയത്തിനും 65 പീരിയഡുകള്‍ കിട്ടുമായിരുന്നു. എന്നാല്‍ ശരാശരി 20 ശതമാനം ക്ലാസുകളാണ് ഓരോ വിഷയത്തിനും ഓണ്‍ലൈനിലൂടെ കിട്ടിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സ്കൂള്‍ തുറന്ന ശേഷം മുഴുവന്‍ പാഠഭാഗവും പഠിപ്പിച്ചു തീരുമോ എന്നാണ് ആശങ്ക.
10-ാം ക്ലാസിന് ദിവസം മൂന്നു ക്ലാസും എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് രണ്ടും ഒന്നു മുതല്‍ ഏഴ് വരെ ഓരോന്നുമാണ് പ്രതിദിന സംപ്രേഷണം. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ശേഷം ഇപ്പോള്‍ 13 ആഴ്ച പിന്നിട്ടു. 10-ലെ ഗണിതത്തിന് 65 ക്ലാസുകള്‍ കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 30 ആണ്.
അതേസമയം മൂന്നാം ക്ലാസിലെ ഗണിതത്തിന് കിട്ടിയത് 19 ക്ലാസ് മാത്രമാണ്. 10-ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന് കിട്ടിയത് 20 ആണ്. ഇതേ വിഷയം അഞ്ചാം ക്ലാസില്‍ എട്ടും എട്ടാം ക്ലാസില്‍ 14-ഉം ക്ലാസുകള്‍ ആണ് സംപ്രേഷണം ചെയ്യാനായത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണമാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്നത്. ക്ലാസുകളുടെ വീഡിയോ കൈറ്റിന്റെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും അപ് ലോഡ് ചെയ്യുന്നതിനാല്‍ ആവര്‍ത്തന ക്ലാസുകളുടെ ആവശ്യമില്ലെന്ന അഭിപ്രായം അധ്യാപകര്‍ക്കിടയിലുണ്ട്.
സിലബസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാറ്റി ചിന്തിക്കേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ രംഗത്തു നിന്നുള്ള സൂചന. സിലബസ് കുറയ്ക്കാതെ, പരീക്ഷയ്ക്ക് വരുന്ന പാഠഭാഗങ്ങള്‍ കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിലബസ് കുറയ്ക്കില്ലെന്ന പ്രഖ്യാപനം ജൂലായില്‍ ഉണ്ടായത്. എന്നാല്‍ ഒക്ടോബറിലും ക്ലാസ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നവംബറിലോ ഡിസംബറിലോ സ്കൂള്‍ തുറക്കാനാവുമോ എന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇക്കാരണത്താലാണ് തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യത തെളിയുന്നത്.
Discussion about this post