കൊച്ചുമകന്റേത് പൊട്ടിപ്പൊളിഞ്ഞ അങ്കണവാടി, പുതിയൊരെണ്ണം പണിയാന്‍ 15 ലക്ഷം രൂപയുടെ സ്ഥലം വാങ്ങി നല്‍കി അപ്പൂപ്പന്‍

തൃശൂര്‍: നാലുവയസ്സുകാരന്‍ ശ്രീഹരിയെ അങ്കണവാടിയില്‍ കൊണ്ടുവിടാനായി എത്തിയതായിരുന്നു 80 കഴിഞ്ഞ അപ്പൂപ്പന്‍. അങ്കണവാടിയിലെത്തിയപ്പോള്‍ അപ്പൂപ്പന്‍ കണ്ടത് ഒരു വീടിനുള്ളില്‍ ചെറിയൊരു മുറിയില്‍ കഴിയുന്ന കുട്ടികളെയാണ്. തന്റെ കൊച്ചുമകന്‍ അടക്കമുള്ള കുഞ്ഞുകുട്ടികള്‍ പഠിക്കുകയും കളിക്കുകയും ചെയ്യുന്ന അങ്കണവാടിയുടെ അവസ്ഥ അപ്പൂപ്പന്റെ മനസ്സിനെ വല്ലാതെ തളര്‍ത്തി.

പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല. അപ്പൂപ്പന്‍ നേരെ ബാങ്കില്‍ പോയി ലോണെടുത്തു. ബാക്കി കയ്യിലുള്ളതും പെറുക്കിക്കൂട്ടി 3 സെന്റ് സ്ഥലം വാങ്ങി കോര്‍പറേഷനു കൊടുത്തു. ഒന്നും രണ്ടുമല്ല, 15 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് അങ്കണവാടി പണിയാനായി അപ്പൂപ്പന്‍ നല്‍കിയത്.

അപ്പൂപ്പന്‍ നമ്പനത്ത് രാഹുലനാണു നാട്ടിലെ കുട്ടികള്‍ക്കായി ഈ സമ്മാനം നല്‍കിയത്. ആലുംവെട്ടുവഴി കൈരളി നഗറിലെ അങ്കണവാടിയാണ് ചെറിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം പണിയാന്‍ കോര്‍പറേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു.

ഭൂമി ഇല്ലെന്നതായിരുന്നു തടസ്സം. സ്ഥലം കോര്‍പറേഷനു റജിസ്റ്റര്‍ ചെയ്തു നല്‍കി ആധാരം കൗണ്‍സിലര്‍ സുബി ബാബുവിനു രാഹുലന്‍ കൈമാറി. മുന്‍പ് തൃശൂര്‍-വാളയാര്‍ റൂട്ടില്‍ ബസും ലോറിയും ഓടിച്ചിരുന്നയാളാണ് രാഹുലന്‍. സ്വന്തമായും വാഹനങ്ങളുണ്ടായിരുന്നു.

ഇപ്പോള്‍ പേരക്കുട്ടികളോടൊപ്പം അടിച്ചുപൊളിച്ചു ജീവിതം. രാഹുലന്‍ അപ്പൂപ്പന് ഒരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. സ്വന്തം വീടിനു തൊട്ടടുത്താണ് അങ്കണവാടിക്കു വാങ്ങി നല്‍കിയ സ്ഥലം. സ്വന്തം അങ്കണത്തില്‍ നിന്നാല്‍ പേരക്കുട്ടി ഓടിക്കളിക്കുന്നതു കാണാലോയെന്ന്.

Exit mobile version