കൊച്ചി: സ്വർണ്ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജിൽ ആണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞിട്ടുപോലും അതിനെ തള്ളിക്കളഞ്ഞ് സ്വയം അപഹാസ്യനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ. മാധ്യമങ്ങളും പ്രതിപക്ഷവും പോലും ബിജെപിയുടെ പക്ഷത്ത് നിലകൊള്ളുകയാണെന്ന് വിമർശിച്ച ഹരീഷ്് വാസുദേവൻ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായി താൻ തെരുവിലിറങ്ങുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ജനാധിപത്യം പാടെ തകരാതിരിക്കാൻ സമരത്തിനിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അഡ്വ.ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മീഡിയയുടെ BJP പക്ഷപാതിത്വം., ജനാധിപത്യം എന്നത് ചില മൂല്യങ്ങളിൽ അധിഷ്ഠിതമായ വ്യവസ്ഥയാണ്. ജനപ്രതിനിധികൾ ആയോ അല്ലാതെയോ ഭരണപരമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാലിക്കേണ്ട ജനാധിപത്യ മൂല്യങ്ങളിലാണ് ഈ വ്യവസ്ഥയുടെ നിലനിൽപ്പ്. ജനങ്ങൾക്കും അതുണ്ടാവണം. സത്യം പറയുക, സുതാര്യമാകുക എന്നത് അത്തരം മൂല്യവ്യവസ്ഥയിൽ ഏറ്റവും അടിസ്ഥാന ആവശ്യമാണ്. നുണ പറയാതിരിക്കുക എന്നത് അതിനേക്കാൾ പ്രധാനവും. ഒരു മന്ത്രിയല്ലേ, ഒരു നുണയല്ലേ എന്നതൊക്കെ ഈ വ്യവസ്ഥയെ, ജനവിശ്വാസത്തെ ദുർബ്ബലപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
പാർലമെന്റ്, നിയമസഭ, അതിന്റെ പ്രവർത്തനത്തിലെ കൃത്യത എന്നത് ഈ ജനാധിപത്യത്തിൽ പരമപ്രധാനമാണ്. അത് ജനപ്രതിനിധികൾ തന്നെ ലംഘിച്ചാൽ അവർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യരല്ല. പാർലമെന്റിൽ സർക്കാരിന് വേണ്ടി ആരെങ്കിലും നടത്തുന്ന പ്രസ്താവന ആ സർക്കാരിന്റെ ഭാഗമായ എല്ലാവർക്കും ബാധകമാണ്. ഇല്ലെങ്കിൽ പിന്നെയാ സിസ്റ്റത്തിനു തന്നെ വിലയില്ലാതാവും. കൂട്ടുത്തരവാദിത്തം നഷ്ടപ്പെടും.
ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണ കള്ളക്കടത്ത് നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുന്നു. ആ ബാഗിന് അന്താരാഷ്ട്ര കരാർ പ്രകാരമുള്ള ഡിപ്ലോമാറ്റിക് ഇമ്യുണിറ്റി ഉള്ളതുകൊണ്ട് മാത്രം ധനമന്ത്രാലയത്തിന്റെ കീഴിലെ കസ്റ്റംസ് കേന്ദ്രസർക്കാരിനോട് അനുമതി തേടുന്നു. അനുമതി ലഭിച്ച ശേഷം മാത്രം അത് തുറക്കുന്നു. വൻ കള്ളക്കടത്ത് പിടിക്കുന്നു. ഡിപ്ലോമാറ്റിക്ക് ബാഗല്ല അത് എന്നു ആദ്യം പരസ്യമായി പറയുന്നത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആണ്. എന്നാൽ കോടതിയിൽ കസ്റ്റംസും NIA യും അതിനെതിരായ നിലപാട് സ്വീകരിക്കുന്നു. പ്രതിയുടെ മൊഴി അനുസരിച്ച് BJP അനുകൂല ചാനലിന്റെ മേധാവി പ്രതിയെ വിളിച്ചു അത് ഡിപ്ലോമാറ്റിക്ക് ബാഗല്ല എന്നു വരുത്താൻ ശ്രമിച്ചിട്ടുണ്ട്. പ്രതി നൽകുന്ന മൊഴി കസ്റ്റംസ് നിയമം അനുസരിച്ച് തെളിവാണ്. ഡിപ്ലോമാറ്റിക്ക് ബാഗുകളിൽ കടത്തിയ സ്വർണ്ണത്തിന്റെ ചരിത്രം കുഴിച്ചുമൂടുക ആയിരുന്നു പ്രതികളുടെ ലക്ഷ്യം. അതിനു മുൻപ് പിടി വീണു.
ഇതു കഴിഞ്ഞും പാർലമെന്റിൽ ധനമന്ത്രാലയം അസന്ദിഗ്ധമായി പറയുന്നു, ഇത് ഡിപ്ലോമാറ്റിക് ബാഗ് ആണെന്ന്. അല്ലെങ്കിലെന്തിനു കസ്റ്റംസ് അനുമതിക്കായി കാത്തിരിക്കണം? പാർലമെന്റിൽ മന്ത്രി നടത്തിയ പ്രസ്താവനയെ പരസ്യമായി കേന്ദ്രസഹമന്ത്രി മുരളീധരൻ തള്ളി പറയുന്നു. കേന്ദ്ര ഏജൻസിയുടെ കേസ് അട്ടിമറിക്കാൻ കേന്ദ്രമന്ത്രി തന്നെ നേരിട്ട് ശ്രമിക്കുന്നു. പാർലമെന്റിന്റെ വിശ്വാസ്യതയെ ഒരു മന്ത്രി തള്ളിപ്പറയുന്നു. പ്രതികൾക്ക് പിടിയിലാകും മുൻപ് ചെയ്യാൻ പറ്റാതിരുന്ന, അവർ ചെയ്യാൻ ശ്രമിച്ച കാര്യം മന്ത്രി തന്റെ മീഡിയ ആക്‌സസും അധികാരവും ഉപയോഗിച്ച് വരുത്താൻ ശ്രമിക്കുന്നു. വിചാരണയിൽ പ്രതികളുടെ പ്രധാന ഡിഫൻസ് പോലും ആകാൻ സാധ്യതയുള്ള വാദത്തെ അനുകൂലിക്കാൻ, പാർലമെന്റിലെ സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പിനെ തള്ളിപ്പറയാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ റിസ്‌ക്ക് എടുക്കുന്നുണ്ട്.
അവകാശലംഘനം, കൂട്ടുത്തരവാദിത്ത ലംഘനം എന്നിങ്ങനെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് ബോധ്യമുണ്ടായിട്ടും ഈ റിസ്‌ക് എടുക്കണമെങ്കിൽ, അയാളുടെ ഈ വിഷയത്തിലെ വ്യക്തിഗത താൽപ്പര്യം എത്ര വലുതായിരിക്കും എന്നോർത്ത് നോക്കുക. ഡിപ്ലോമാറ്റിക്ക് ബാഗിൽ ഇത്ര സ്വർണ്ണം പിടിച്ച ആദ്യ കേസാണ് ഇത്. പരസ്യമായി നുണ പറയുന്ന, കേന്ദ്ര ഏജൻസിയുടെ അന്വേഷണ കണ്ടെത്തലിനെ തള്ളിപ്പറയുന്ന, പാർലമെന്റിലെ സർക്കാർ നിലപാടിനെപ്പോലും തള്ളിപ്പറയുന്ന ഒരു കേന്ദ്രമന്ത്രിയെ ഇതിനു മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ 15 വർഷത്തിനിടെ ഞാൻ കണ്ടിട്ടില്ല. എന്നിട്ടും നിങ്ങൾ ഇന്ത്യയിലെ മുഖ്യധാരാ മീഡിയ നോക്കൂ, ഇതേപ്പറ്റി എത്ര ചർച്ചകൾ ഉണ്ടായി? എത്ര ചോദ്യങ്ങൾ BJP നേരിട്ടു? എത്ര എതിർപ്പ് നേരിട്ടു? എത്ര മണിക്കൂർ എയർടൈം, പത്രങ്ങളിലെ എത്ര കോളം, എത്ര എഡിറ്റോറിയൽ സ്‌പേസ്, ഈ വിഷയത്തിനു നീക്കി വെയ്ക്കുന്നത് നാം കണ്ടു? CPIM കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷ സമരമൊന്നും അവരും തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെയോ പ്രധാനരാഷ്ട്രീയ നേതാക്കളുടെയോ സോഷ്യൽ മീഡിയ പേജുകളിൽ പോലും ഇത് സംബന്ധിച്ച വലിയ ചർച്ചകളില്ല. കേരള സർക്കാരിനെ, മന്ത്രി ജലീലിനെ, ED യുടെ ചോദ്യം ചെയ്യലിനെ ഒക്കെ ഓഡിറ്റ് ചെയ്യുമ്പോഴും അതിനേക്കാൾ എത്രയോ ഗൗരവമായ വിഷയത്തിൽ തുല്യമായ ഓഡിറ്റ് പോലും പബ്ലിക് സ്‌പേസിൽ BJP ക്ക് നേരിടേണ്ടി വരുന്നില്ല. ഇത് മീഡിയ സ്‌പേസിന്റെ പക്ഷപാതിത്വമാണ് കാണിക്കുന്നത്.
വി.മുരളീധരന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുമായി തെരുവിൽ ഇറങ്ങാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ തീരുമാനിച്ച ഏത് സംഘടന ഉണ്ടെങ്കിലും അവരെ മറ്റുരാഷ്ട്രീയം നോക്കാതെ ഈ ആവശ്യത്തിൽ പിന്തുണയ്ക്കാനും. ചില മിനിമം മര്യാദകൾ കൂടി തകർത്താൽ ജനാധിപത്യം പാടെ കെട്ടുപോകും. നിങ്ങൾ അന്നെന്ത് ചെയ്തു എന്ന വരുംതലമുറയുടെ ചോദ്യങ്ങൾക്ക് മനസാക്ഷിയുടെ മുന്നിൽ എങ്കിലും ഞാനും നിങ്ങളും മറുപടി പറയേണ്ടി വരുമല്ലോ.
Discussion about this post