തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപമെന്റ് കോര്പ്പറേഷന് (കെല്‍ട്രോണ്‍) മെഡിക്കല്‍ രംഗത്തിന് ആവശ്യമായ വെന്റിലേറ്റര്‍ നിര്‍മ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി ആര് ഡി ഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍ ടെക്നോളജി (എസ് ബി എം ടി) യും ഒപ്പുവെച്ചു എന്ന് മന്ത്രി ഇപി ജയരാജന് അറിയിച്ചു. ഒരു വര്‍ഷത്തിനകം വെന്റിലേറ്റര്‍ വിപണിയില്‍ ഇറക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
വെന്റിലേറ്ററിന്റെ രൂപകല്‍പ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈന്‍, മെക്കാനിക്കല്‍ മൊഡ്യൂള്‍ നിര്‍മ്മാണം, സോഫ്റ്റ്വെയര് കോഡിങ് എന്നിവ കെല്‍ട്രോണ്‍ നടത്തും. ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കേഷനുകള്‍ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങും. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലെക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.
നിലവില്‍ അള്‍ട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം, മള്‍ട്ടി പ്രോബ് തെര്‍മ്മല്‍ സ്കാനര്‍, ഹാന്‍ഡ് ഹെല്‍ഡ് തെര്‍മ്മല്‍ പ്രോബ്, പേപ്പര്‍ ഡിസിന്‍ഫെക്ടര്‍ എന്നിവ കെല്‍ട്രോണ്‍ അരൂര്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്നുണ്ട്. പത്തു വര്‍ഷത്തേക്ക് സൗജന്യമായി സാങ്കേതികവിദ്യ ഉപയോഗിക്കാനാകും.
അതിനു ശേഷം ചെറിയ ശതമാനം റോയല്‍റ്റി ഫീസായി കെല്‍ട്രോണ്‍ എസ് ബി എം ടിയ്ക്ക് നല്‍കണം. കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ, മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ വി എസ് എസ് സി, ഡി ആര് ഡി ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി കെല്‍ട്രോണ്‍ ബന്ധപ്പെട്ടു.
Discussion about this post