കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോലി നോക്കുന്നത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. കെടി ജലീലിന് എതിരെ ബന്ധുനിയമന വിവാദമുയര്‍ത്തിയ മുസ്ലീം ലീഗ് തന്നെയാണ്, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള വ്യക്തിയെ പാര്‍ട്ടി ഓഫീസിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
2016 ജൂണ്‍ 21 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് സിദ്ദിഖ് എംവി ഡെപ്യൂട്ടേഷനില്‍ നിയമിതനാകുന്നത്. പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തെ പറ്റിയിരുന്ന ശമ്പളവും ആനുകൂല്യങ്ങള്‍ക്കും തത്തുല്യമായി ഏതാണ് 75000ത്തോളം രൂപ ഇപ്പോഴും ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ സിദ്ദിഖ് അദ്ദേഹത്തിന്റെ ഓഫീസിലോ സഭാ പരിസരത്തോ ഉണ്ടാകണം എന്നാണ് നിബന്ധന. പക്ഷേ നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ളപ്പോള്‍ സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷവും സിദ്ദിഖ് ഇവിടെ തന്നെയാണ് ജോലി ചെയ്തത്. രേഖകള്‍ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന സിദ്ദിഖിന് ഭരണം മാറിയപ്പോളും പാര്‍ട്ടിയും മുന്നണിയും സൗകര്യം ചെയ്തു കൊടുത്തുവെന്നതാണ് സത്യം.
Discussion about this post