ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ജയിലിലേക്ക് തന്നെ മാറ്റി

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും കെ.ടി.റമീസിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ജയിലിലേക്ക് മാറ്റി.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ സ്വപ്നയെ ആന്‍ജിയോഗ്രാമിനും റമീസിനെ എന്‍ഡോസ്‌കോപ്പിക്കും വിധേയരാക്കിയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്.

അരമണിക്കൂറിനു ശേഷം റമീസിനെയും ആശുപത്രിയിലെത്തിച്ചു. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ എത്തിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കും വിദഗ്ധ പരിശോധന നടത്തി. ആറ് ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.

സ്വപ്നയുടെ കുടുംബം ആശുപത്രിയില്‍ എത്തിയെങ്കിലും സ്വപ്നയെ കാണാനായില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയുംമുന്‍പേ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. സ്വപ്നയെ പാര്‍പ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാര്‍പ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരില്‍ നിന്നു വിശദീകരണം തേടിയിരുന്നു.

Exit mobile version