ഇഡിയുടെ ക്ലീൻ ചിറ്റ് എത്തിയിട്ടും അവസാനിക്കാതെ പ്രതിപക്ഷത്തിന്റെ തെരുവു യുദ്ധം; കൊവിഡ് കാലത്ത് തന്നെ വേണോ ഇനിയും സമര പ്രഹസനമെന്ന് ജനങ്ങൾ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും വിളിച്ചുവരുത്തി മൊഴിയെടുത്ത് സ്വത്ത് വിവരങ്ങൾ ശേഖരിക്കാനാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചിട്ടും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആളെക്കൂട്ടി സമരം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. തുടർച്ചയായ നാലാം ദിവസവും സെക്രട്ടറിയേറ്റും പരിസരവും യുദ്ധക്കളമാക്കി യൂത്ത് കോൺഗ്രസിന്റേയും മഹിളാ മോർച്ചയുടേയും യുവ മോർച്ചയുടേയും സമരം തുടരുകയാണ്.

പ്രതിപക്ഷ യുവജന സംഘടകൾ നടത്തിയ മാർച്ച് തിരുവനന്തപുരത്ത് പോലീസുമായുള്ള തെരുവുയുദ്ധമായി മാറി. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. കെഎസ് ശബരീനാഥൻ, ഷാഫി പറമ്പിൽ എന്നിവർക്കടക്കം ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു. യുവമോർച്ച, മഹിളാ മോർച്ച പ്രതിഷേധത്തിനു നേരെ പോലീസ് ലാത്തിവീശി. സെക്രട്ടേറിയേറ്റിനു മുൻപിൽ എസ്ഡിപിഐ പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

അതേസമയം, മന്ത്രി കെടി ജലീൽ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ഇഡി അറിയിച്ചിട്ടും പിന്മാറാതെ ഇനിയും സമരം തുടരുന്നത് എന്തിനാണെന്ന് വിശദീകരിക്കാൻ പ്രതിപക്ഷത്തിന് ഇനിയും സാധിച്ചിട്ടില്ല. സമരവും പ്രതിഷേധവും ജനാധിപത്യപരമാണെങ്കിലും സംസ്ഥാനം കടുത്ത കൊവിഡ് വ്യാപനത്തിലൂടെ കടന്ന് പോകുമ്പോൾ നേതാക്കളെങ്കിലും പക്വമായി പെരുമാറണമെന്നാണ് ഉയരുന്ന ആവശ്യം.

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും അണികളെ പോലീസിന്റെ തല്ലുകൊള്ളാനും അറസ്റ്റ് വരിക്കാനും വേണ്ടി തെരുവിലേക്ക് അയയ്ക്കുന്നത് എന്തിനെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. ഈ ചോദ്യത്തിന് സമരം തുടങ്ങി വെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനും സ്വർണ്ണക്കടത്ത് കേസ് ഇല്ലെങ്കിലും സമരം ചെയ്യുമെന്ന ഒഴുക്കൻ വിശദീകരണം മാത്രമാണ് പറയാനുള്ളത്.

കേസിൽ അട്ടിമറി നടന്നെന്ന സംശയം ഉന്നയിക്കുന്ന പികെ ഫിറോസാകട്ടെ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ എൻഫോഴ്‌സ്‌മെന്റിനെയാണ് ഇപ്പോൾ സംശയിക്കുന്നത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലായാണെങ്കിൽ മാധ്യമങ്ങളുടെ സങ്കൽപ്പ കഥകൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിക്കാനാണ് വാർത്താസമ്മേളനം ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്തും തിരുവനന്തപുരത്തും യാതൊരു നിയന്ത്രണവുമില്ലാതെ സമരത്തിന്റെ പേരിൽ ആൾക്കൂട്ടമുണ്ടാക്കുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവിന്റേയും ലീഗ് നേതൃത്വത്തിന്റേയും ആഹ്വാനമാണ്. എങ്കിലും ഇത് നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകുന്നുമില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള സമരമാണെങ്കിലും ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന തരത്തിലേക്ക് പ്രതിപക്ഷം താഴരുതെന്നാണ് പൊതുജനത്തിന്റെ ആവശ്യം.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം കൂടി സമരം നടത്തുന്നത് സംസ്ഥാനത്തിനെ ദുരന്തത്തിലേക്ക് തള്ളി വിടാനാണോ എന്ന് ചോദിച്ചാൽ മറുപടി പ്രതിപക്ഷം മാത്രമല്ല, സർക്കാരും നൽകേണ്ടതുണ്ട്. ആർക്കും ഗുണമില്ലാത്ത അനാവശ്യ സമരത്തിലൂടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയർത്താൻ മാത്രമെ സാധിക്കൂവെന്ന തിരിച്ചറിവ് പ്രതിപക്ഷത്തിന് ഇല്ലാതെ പോയിരിക്കുകയാണ്.

Exit mobile version