സര്‍ക്കാര്‍ ഭൂമി കൈയ്യേറിയല്‍ ഇന് ക്രിമിനല്‍ കേസിലെ പ്രതി! കണ്ടിട്ടും കണ്ണടച്ചാല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കും ‘പണി’; നിലവിലെ നിയമം കര്‍ശനമാക്കി സര്‍ക്കാര്‍

കൈയേറ്റക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നതിനൊപ്പം അക്കാര്യം റവന്യൂ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്

തിരുവനന്തപുരം: ഭൂമി കൈയ്യറ്റത്തില്‍ നിലവിലെ നിയമം കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാല്‍ ഇനി ക്രമിനല്‍ കേസിലെ പ്രതിയാക്കാനാണ് തീരുമാനം. പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങുന്നതിനോടൊപ്പം കുറ്റം തെളിഞ്ഞാല്‍ ജയിലിലും കിടക്കേണ്ടതായി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമി കൈയ്യറിയതായി തെളിഞ്ഞാല്‍ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കും പണി കിട്ടുമെന്നും മുന്നറിയിപ്പുണ്ട്.

കൈയേറ്റക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നതിനൊപ്പം അക്കാര്യം റവന്യൂ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള ഭൂ സംരക്ഷണ ആക്ടിലെ ഏഴ് (എ) വകുപ്പ് പ്രകാരം കുറ്റംചുമത്തി കേസെടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കി. കൈയേറ്റം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച മോണിറ്ററിംഗ് സെല്ലിന് അധിക നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ നിയമത്തില്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പോലീസില്‍ അറിയിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിരുന്നു. അത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം.

സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം അവര്‍ക്കെതിരെ കേസെടുത്തു എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ഇക്കാര്യം സംസ്ഥാന തലത്തിലുള്ള മോണിറ്രറിംഗ് സെല്ലിനെയും അറിയിക്കണം. ഈ റിപ്പോര്‍ട്ടുകളില്‍ സെല്‍ അടിയന്തര നടപടികളെടുക്കണം. സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമായി വരുന്ന കേസുകളുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ക്കും ഭൂരഹിതരായവര്‍ക്ക് പതിച്ചു നല്‍കുന്നതിന് വേണ്ടി ഉപയുക്തമാകുന്ന വിധം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. കൈയേറ്റം സംബന്ധിച്ച നടപടി സ്വീകരിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മിഷണറ്റേിലെ ഒരു ജോയിന്റ് കമ്മിഷണറേയും അസി. കമ്മിഷണറേയും മറ്ര് ചില ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നേരത്തെ തന്നെ ഒരു മോണിറ്രറിംഗ് സെല്‍ രൂപീകരിച്ചിരുന്നു. ഈ സെല്ലിലും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കലക്ടട്രേറ്റുകളിലും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പുറമ്പോക്ക് ഭൂമി, സര്‍ക്കാര്‍ ഇടവഴി എന്നിവിടങ്ങളിലെ കൈയേറ്രം സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രജിസ്റ്ററുകള്‍ തയ്യാറാക്കണം.

ഇതില്‍ ഭൂമിയുടെ വിസ്തീര്‍ണ്ണം, സ്വഭാവം, ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പരാതി ഉണ്ടെങ്കില്‍ അതും സ്വീകരിച്ച നടപടികളും രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്ററുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ആറുമാസത്തിനകം കൈയേറ്രങ്ങളില്‍ നടപടി സ്വീകരിക്കാതിരുന്നാല്‍ അതിന്റെ കാരണം ഉള്‍പ്പെടുന്ന വിവരങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടും സെല്ലിലേക്ക് അയയ്ക്കണം. ഇല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആ ഉദ്യോഗസ്ഥനായിരിക്കും. കോടതി കേസുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും സംസ്ഥാന മോണിറ്റിംഗ് സെല്ലിന് നല്‍കണം.

Exit mobile version