കൊച്ചി: മന്ത്രി കെടി ജലീലിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ ആരോപണങ്ങളുടെ കോട്ട തകർന്നടിയുന്നു. കെടി ജലീലിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമെന്നും ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഇഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീൽ ഹാജരാക്കിയിരുന്നു. ഈ രേഖങ്ങൾ പരിശോധിച്ചതിൽ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
കെടി ജലീലിനെതിരെ ചില പരാതികൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഇഡി നൽകുന്ന വിശദീകരണവും.
അതേസമയം, മന്ത്രി കെടി ജലീലിനെതിരെ സ്വർണ്ണക്കടത്ത് കേസിലല്ല മൊഴി രേഖപ്പെടുത്തിയതെന്ന് നേരത്തെ തന്നെ സിപിഎം കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. താൻ തെറ്റ് ചെയ്തെന്ന് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെടി ജലീൽ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പറയണമെന്ന് മന്ത്രി പറഞ്ഞു. എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്ലിം എന്നവാക്കിനോട് ലീഗ് നീതി പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇഡിയ്ക്ക് മുമ്പാകെ ഹാജരാകുന്ന കാര്യത്തെപ്പറ്റി താനാരോടും പറഞ്ഞിട്ടില്ലെന്ന് ജലീൽ പറഞ്ഞു. ചോദ്യം ചെയ്യലിന് ഞാൻ തലയിൽ മുണ്ടിട്ട്പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് പോയത്. ഇഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് എന്നെ വിളിച്ചത്. അവർ പറഞ്ഞ സമയം അവരുടെ ഓഫീസിൽ പോയി എന്നും മന്ത്രി പറഞ്ഞു. ഇഡി എല്ലാ വിവരശേഖരണവും രഹസ്യസ്വഭാവത്തോടെയാണ് നടത്തിയത് താനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘വേദഗ്രന്ഥങ്ങൾ ഇത്തരത്തിൽ കൊണ്ടുവരാൻ പാടില്ലെന്ന് ചില മാധ്യമങ്ങൾ പറയുന്നു. അത് നിയമ ലംഘനമാണെന്ന്. ശരി. എന്നാൽ ഈ നിയമലംഘനം ആരാണ് ആദ്യം നടത്തിയതെന്ന് അന്വേഷിക്കൂ. മതഗ്രന്ഥം കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞാണ് എന്റെ കൈയിൽ ലഭിക്കുന്നത്’-ജലീൽ വിശദീകരിച്ചിരുന്നു.
Discussion about this post