തൃശ്ശൂർ: നെഞ്ചുവേദനയെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നഴ്സിന്റെ ഫോണിൽ നിന്നും കോൾ ചെയ്തെന്ന ആരോപണം അന്വേഷിക്കുന്നതിനിടെ അനിൽ അക്കര എംഎൽഎയുടെ സന്ദർശനവും വിവാദത്തിലേക്ക്. സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിൽ എത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന എൻഐഎ അനിൽ അക്കരയോടും വിശദീകരണം ചോദിച്ചെന്നാണ് റിപ്പോർട്ട്.
സ്വപ്നസുരേഷിനെ നെഞ്ചു വേദനയെ തുടർന്നും കേസിലെ കൂട്ടുപ്രതി കെടി റമീസിനെ വയറുവേദനയെ തുടർന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സെപ്റ്റംബർ 7 നായിരുന്നു രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയത്. ഇക്കാര്യം കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ അക്കരെയുടെ സന്ദർശനവും എൻഐഎ അന്വേഷിക്കുന്നത്. എന്നാൽ പ്രമുഖരായ മറ്റാരെങ്കിലും ഇവിടെ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടി വന്നതാണെന്നാണ് അനിൽ അക്കരെ നൽകിയ മറുപടിയെന്നാണ് റിപ്പോർട്ട്. സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങളും എൻഐഎ തേടുകയാണ്.
സ്വപ്നയുടെ ഫോൺവിളികളെക്കുറിച്ച് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവർ ഫോണിൽ സംസാരിച്ചിരുന്നതെന്നായിരുന്നു അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തയാളുമായി സ്വപ്ന ആശുപത്രിയിൽനിന്നു ഫോണിൽ സംസാരിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ആ ദിവസങ്ങളിൽ ജോലിയിലുണ്ടായിരുന്ന നഴ്സുമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
എന്നാൽ, സ്വപ്ന ആർക്കും ഫോൺ ചെയ്തില്ലെന്നും പോലീസ് കാവലുണ്ടായിരുന്നെന്നും നഴ്സുമാർ മൊഴി നൽകിയിട്ടുണ്ട്. നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകൾ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം. തൃശ്ശൂർ മെഡിക്കൽ കോളജിലെ നഴ്സിന്റെ നമ്പറിൽനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സിന്റെ ഫോണിലേക്കു വിളിച്ചെന്നൊക്കെയാണു ഉയരുന്ന ആരോപണങ്ങൾ.
Discussion about this post