തിരുവനന്തപുരം: സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വര്‍ണ്ണം കടത്തിയത്. യഥാര്‍ത്ഥ നയതന്ത ബാഗല്ല. ധനമന്ത്രാലയം നല്കിയ ഉത്തരം പൂര്‍ണ്ണമായി വായിച്ചു നോക്കിയാല്‍ പിണറായി വിജയന് കാര്യം മനസിലാകും എന്നും മുരളീധരന് പറഞ്ഞു.
നയതന്ത്രബാഗേജിലാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് ധനകാര്യസഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം ഇന്ന് അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഉന്നതബന്ധമുണ്ടെന്നും പഴുതടച്ച അന്വേഷണം നടക്കുമെന്നും വിശദീകരിച്ചു. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന്റെ കണക്കും വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കേന്ദ്രത്തെ തിരുത്തി മുരളീധരന് രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന് ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോള്‍ , ധനമന്ത്രാലയം ലോക്സഭയില്‍ ഈ വിഷയത്തില്‍ നല്കിയ ഉത്തരത്തില്‍ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകര്‍ക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകള്‍ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തില്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സര്‍ക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍ അതില്‍ പിടിച്ച് കയറണമെന്നാകും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളില്‍ നിന്ന് കിട്ടിയ ക്യാപ്സൂള്‍. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാന്‍ വന്നിട്ട് ഇപ്പോള്‍ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവര്‍.
ധനമന്ത്രാലയം നല്കിയ ഉത്തരം പൂര്‍ണ്ണമായി വായിച്ചു നോക്കിയാല്‍ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വര്‍ണ്ണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്കിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുന്‍ നിര്‍ത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയെന്നു തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്നാലത് യഥാര്‍ത്ഥത്തില്‍ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കില്‍ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വര്‍ണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവര്‍ നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്ത് ആര്‍ക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോള്‍, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും. കള്ളത്തരങ്ങളൊക്കെ വെളിയില്‍ വരുമ്പോള്‍ അടിത്തറ ഇളകുന്നത് സ്വാഭാവികം.
ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങള്‍ ക്യാപ്സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല.എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.സ്വര്‍ണ്ണം കടത്തിയതിന്റെ വേരുകള്‍ ചികഞ്ഞു പോകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോര്‍ത്താണോ പിണറായിക്ക് ഇത്ര വേവലാതി?പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോര്‍ത്ത് പിണറായി വിജയന് ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?
Discussion about this post