കോഴിക്കോട്: കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ലാപ്‌ടോപ് വാങ്ങാന്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ശ്രീനിത്യയ്ക്ക് ലാപ്‌ടോപ് വാങ്ങി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ മാതൃകയാവുന്നത് മറ്റൊന്നാണ്. തൊഴിലുറപ്പിലൂടെ കിട്ടിയ പണം കൊണ്ട് അഞ്ചാം ക്ലാസുകാരിക്ക് ടിവി വാങ്ങി നല്‍കിയാണ് ശ്രീനിത്യ മാതൃകയായത്.
കണ്ണൂര്‍ പാലയാട് ക്യാംപസിലെ ഏഴാം സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥി ശ്രീനിത്യയാണ് ലാപ്‌ടോപ്പ് വാങ്ങാന്‍ പണം കണ്ടെത്താന്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയത്. ശേഷം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് ലാപ്‌ടോപ്പുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. കെ മുരളീധരന്‍ എംപിയാണ് ശ്രീനിത്യയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചത്.
എന്നാല്‍ അതേ ചടങ്ങില്‍ വച്ച് ശ്രീനിത്യ കല്ലാമല യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിക്ക് ഒരു ടിവി വാങ്ങി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഒരു മാസത്തിലേറെയായി കൈക്കോട്ടുമെടുത്ത് പറമ്പിലിറങ്ങുന്നുണ്ട് ശ്രീനിത്യ. ലാപ്‌ടോപ് സ്വന്തമായെങ്കിലും നാട്ടിലെ അമ്മമാരോടൊപ്പമുള്ള ഊ ജോലി തുടരാനാണ് നിയമ വിദ്യാര്‍ത്ഥിയുടെ തീരുമാനം.