കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസും ആശുപത്രിയിൽ ഒരേസമയം ചികിത്സ തേടിയ സംഭവത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. ഇരുവരേയും ഒരേസമയം ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ചാണ് ജയിൽവകുപ്പ് വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സംസാരിച്ച് റിപ്പോർട്ട് നൽകണം.
തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഇരുവരേയും കൊണ്ടുവന്നിരിക്കുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി.
സ്വപ്‌നയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ച ഇസിജിയിൽ വ്യതിയാനം കണ്ടതിനു പിന്നാലെ മെഡിസിൻ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മർദ്ദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്നു വനിതാ തടവുകാർക്കുള്ള സെല്ലിൽ കിടത്തിയാണ് ചികിത്സ നടത്തിയത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്ത്. എന്നാൽ ഞായറാഴ്ച വൈകിട്ട് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനിടെയാണ് റമീസിനേയും വയറുവേദനയം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post