തിരൂര്‍ : ‘എന്നെ കൊണ്ടുപോയത് വെള്ളക്കാറിലാണ്, അവരെ എനിക്ക് കാണണം, ഒരു നന്ദി വാക്ക് പറയണം’ ഇത് കേരളക്കരയെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫാഹിസിന്റെ വാക്കുകളാണ്. അപകടത്തില്‍ നിന്നും തിരൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടിരുന്നു. മൂന്നാംവര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയായ ഫാഹിസും ഇതില്‍ ഉള്‍പ്പെടുന്ന ആളാണ്.
അപകടത്തെ തുടര്‍ന്ന് സീറ്റിന് താഴെവീണുകിടന്ന തന്നെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് ഫാസിന് ഒന്നും അറിയില്ല. ഇപ്പോള്‍ അവരെ കണ്ടെത്തി നന്ദി വാക്ക് പറയണമെന്ന ആഗ്രഹമാണ് ഈ ചെറുപ്പക്കാരനില്‍ തുടിക്കുന്നത്. ഫാസിന് കാല്‍മുട്ടിന് താഴെ രണ്ടിടത്ത് എല്ലുപൊട്ടി. നിലവില്‍ പ്ലാസ്റ്ററിട്ട് വീട്ടില്‍ ചക്രക്കസേരയില്‍ ഇരിക്കുകയാണ്.
തിരൂര്‍ കാനാത്ത് അങ്ങാടിക്കാരന്റകത്ത് ഹനീഫയുടെ മകനാണ് ഫാഹിസ്. പിതാവ് ഹനീഫ അല്‍ ഐനില്‍ ഡ്രൈവറാണ്. അവധിക്കാലം ചെലവഴിക്കാനാണ് സഹോദരന്‍ ഫഹീം, സഹോദരി ഫര്‍ഹാന, മാതാവ് താഹിറ എന്നിവര്‍ക്കൊപ്പം ഫാഹിസ് മാര്‍ച്ച് എട്ടിന് അല്‍-ഐനിലേക്ക് പോയത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഓഗസ്റ്റ് പത്തിനുള്ളില്‍ സന്ദര്‍ശക വിസക്കാര്‍ നാടുവിടണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവുവന്നു. ഫാര്‍മസിസ്റ്റായ സഹോദരന്‍ ഫഹീമിന് അവിടെ ജോലികിട്ടി. ഓഗസ്റ്റ് ഏഴിന് സഹോദരിയും ഉമ്മയും ഫാഹിസും നാട്ടിലേക്ക് തിരിക്കുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. മാതാവ് കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് ആശുപത്രിയില്‍ തുടരുകയാണ്.
ഫാഹിസിന്റെ വാക്കുകള്‍;
വിന്‍ഡോ സീറ്റിലായിരുന്നു ഇരുന്നത്. മുന്‍പിലുള്ള സീറ്റുകളടങ്ങിയ വിമാനഭാഗമാണ് മുറിഞ്ഞുപോയത്. ദുരന്തം നടന്നയുടന്‍ കൂടുതല്‍ പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു നാട്ടുകാര്‍. ആളുകള്‍ എന്നെയെടുത്ത് പുറത്തുകൊണ്ടുവന്നു വിമാനത്തിന്റെ ചിറകില്‍ കിടത്തി. എന്നെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഉമ്മയെ കോഴിക്കോട് മിംസ് ആശുപത്രിയിലും സഹോദരിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. എന്നെ കൊണ്ടുപോയത് വെള്ളക്കാറിലാണ്. അവരെ കാണാനാണ് എനിക്ക് മോഹമുള്ളത്. നന്ദി പറയാന്‍.’
Discussion about this post