മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായെന്ന വിവരം പുറത്തെത്തിയതോടെ ആരോപണ ശരങ്ങളുമായി എത്തിയ മാധ്യമങ്ങളേയും വാഹനം തടഞ്ഞ പ്രതിഷേധക്കാരേയും നേരിട്ട് യാത്ര തുടർന്ന് മന്ത്രി കെടി ജലീൽ. തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിയെ വഴിയിലുടനീളം പ്രതിഷേധമറിയിച്ച് യൂത്ത്‌ലീഗ്-യൂത്തി കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ തടയുകയാണ്.
ഇതിനിടെ, സംസ്ഥാനവ്യാപകമായി രാജിയാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുമ്പോഴും മന്ത്രി ഏറെ ശാന്തനായാണ് കാണപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ചിരിച്ചുതള്ളിയ മന്ത്രി ‘ഞാൻ ഫേസ്ബുക്കിലൂടെ സംസാരിക്കാം’ എന്ന് അറിയിച്ചു.
ചോദ്യം ചെയ്യലിന് ഹാജരായതിനേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി ഇങ്ങനെ. ‘അതൊന്നും സാരല്ല്യാന്ന്’. ‘ഒക്കെ ഞാൻ പറയുന്നുണ്ട്’. എന്തെങ്കിലും പറയാൻ മന്ത്രിയെന്ന നിലയിൽ ബാധ്യതയില്ലേ എന്ന് മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചാൽ ‘ഇങ്ങള് അതിൽ നിന്ന് തന്നെ (ഫേസ്ബുക്ക്) എടുത്താ മതി’ എന്ന് ജലീൽ പ്രതികരിച്ചു. മറ്റ് ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി വാഹനത്തിൽ കയറി പോയി. പ്രതിഷേധക്കാർ ബഹളം വെച്ചപ്പോൾ കൈവീശി കാണിച്ചണ് മന്ത്രി മറുപടി നൽകിയത്.
കനത്ത സുരക്ഷയിലാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്നും മന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര. മലപ്പുറം വളാഞ്ചേരിയിൽ നിന്നും യാത്ര പുറപ്പെട്ട ഉടൻ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും കരിങ്കൊടി വീശി. ചങ്ങരംകുളത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പെരുമ്പിലാവിൽ യൂത്ത് കോൺഗ്രസ് യുവമോർച്ച, തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു, പാലിയേക്കരയിൽ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കൈയൊടിഞ്ഞു. അങ്കമാലിയിലും ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി.