തൃശ്ശൂർ: കൊവിഡ് കാലത്ത് പഠനം ഇ-പഠനമായതോടെ ടിവിയില്ലാതെ പഠനം മുടങ്ങിയിരുന്ന വിദ്യാർത്ഥികൾക്ക് തണലായി തൃശ്ശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ്. സ്‌റ്റേഷനിലെ പോലീസുകാർ ടിവി ചലഞ്ചിലൂടെ സുമനസുകളിൽ നിന്നും ടിവി കണ്ടെത്തിയാണ് വിദ്യാർത്ഥികളുടെ സ്മാർട്ട് പഠനത്തിന് വഴിയൊരുക്കി നൽകിയത്.
30 ടിവികളാണ് ഇതിനോടകം വിതരണം ചെയ്തത്. സഹോദരങ്ങളും അയൽക്കാരുമുൾപ്പെടെ 80 കുട്ടികൾക്കാണ് ഈ ടിവികളിലൂടെ പ്രയോജനം ലഭിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് വിദ്യാർത്ഥികളുളള പനന്തറ വിരുപ്പാക്കത്തറയിൽ സുബ്രഹ്മണ്യന്റെ കുടുംബത്തിനാണ് വടക്കേക്കാട് പോലീസ് തിങ്കളാഴ്ച മുപ്പതാമത്തെ ടിവി എത്തിച്ചുനൽകിയത്.
കൃത്യമായ ഗൃഹസന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയാണ് വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദ്യപടിയായി ചെയ്തത്. ഇതോടെ, ഇന്റർനെറ്റ് ഉളള മൊബൈൽ സംവിധാനം പോയിട്ട് അത്യാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫോൺപോലും ഇല്ലാത്തവരാണ് പലരുമെന്ന് കണ്ടെത്തി. ഇതോടെ കുട്ടികളുടെ പഠനം മുടങ്ങരുതെന്ന വടക്കേക്കാട് ജനമൈത്രി പോലീസിന്റെ നിശ്ചയദാർഢ്യമാണ് സന്നദ്ധസംഘടനകളുടേയും സുമനസുകളുടേയും സഹകരണത്തോടെ മുപ്പത് കുടുംബങ്ങളിലെ നിർധന വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകിയതിന് പിന്നിൽ പ്രവർത്തിച്ചത്.
സ്റ്റേഷന്റെയാകെ ഒത്തൊരുമയോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത്തരമൊരു വിജയം സാധ്യമായതെന്ന് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പിആർഒ എസ്‌ഐ ടിഎ സന്തോഷ് പറയുന്നു. ഇന്റർനെറ്റ് അധിഷ്ഠിത പഠനത്തിൽ വിജ്ഞാനം വിരൽതുമ്പിലാണ്. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരി മൂലം സ്‌കൂളുകൾ അടച്ചിട്ട് ഓൺലൈൻ പഠനസൗകര്യത്തിലേയ്ക്ക് വിദ്യാഭ്യാസലോകം ഒതുങ്ങിയതും വളരെ വേഗത്തിലായിരുന്നു. എന്നാൽ അത്രവേഗത്തിൽ പുതിയ പാഠ്യരീതിയിലേയ്ക്ക് എത്താൻ കഴിയാത്ത ഒരു കൂട്ടം കുട്ടികളും കുടുംബങ്ങളും വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന ജനമൈത്രി പോലീസിന്റെ കണ്ടെത്തലായിരുന്നു ഈ ഉദ്യമത്തിന് വഴിവച്ചത്.
ടിവി ചലഞ്ചിനുപുറമെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും വടക്കേക്കാട് പോലീസ് ജനങ്ങൾക്കൊപ്പമുണ്ട്. വടക്കേക്കാട്, ചമ്മണ്ണൂർ എന്നിവിടങ്ങളിൽ തകർന്നുപോയ രണ്ട് വീടുകൾ ഇതിനോടകംതന്നെ പോലീസ് പുതുക്കിപ്പണിതു നൽകി. തൃശ്ശൂർ സിറ്റിയിലെ ചെറായിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഫാത്തിമയ്ക്കുവേണ്ടി പുതിയ വീടിന്റെ നിർമ്മാണം നടന്നുവരുന്നു. കൊവിഡ്കാലത്തെ ലോക്ക്ഡൗണിൽ സൗജന്യ ഭക്ഷണപ്പൊതികളും മരുന്നും എത്തിച്ചുനൽകാനും വടക്കേക്കാട് പോലീസ് മുന്നിലുണ്ടായിരുന്നു.
Discussion about this post