തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടകളുടെ കൂട്ടായ്മ നടത്തിയെന്ന് റിപ്പോർട്ട്. കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ചേന്തി അനിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുണ്ടകൾ കൂട്ടായ്മ ഒരുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചനകൾ. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
ഓംപ്രകാശ്, പുത്തൻപാലം രാജേഷ് തുടങ്ങി 15 ഗുണ്ടകൾ ഡിസിസി അംഗം ചേന്തി അനിയുടെ നേതൃത്വത്തിൽ ഒത്തുചേർന്നെന്നാണ് വിവരം. ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിലായിരുന്നു ഒത്തുചേരൽ. ഇവർ അക്രമങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് സംശയിക്കുന്നത്.
ശ്രീകാര്യത്ത് നടന്ന അക്രമണങ്ങളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഗുണ്ടാക്കൂട്ടായ്മ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അന്ന് വെട്ടേറ്റ ശരത് ലാൽ ഓടിക്കയറിയത് ഡിസിസി അംഗം അനിയുടെ വീട്ടിലേക്കായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഗുണ്ടകൾ ജനപ്രതിനിധികളെയടക്കം ആക്രമിക്കാൻ പദ്ധതിയിടുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലെന്നാണ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post