ആംബുലൻസിൽ ഇരുന്ന് പിഎസ്‌സി പരീക്ഷയെഴുതി കൊവിഡ് പോസിറ്റീവായ ഈ ഡോക്ടർ

*പ്രതിസന്ധികളെ തഴഞ്ഞ് മെഡിക്കൽ ഓഫീസറാകാൻ

കണ്ണൂർ: കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പരീക്ഷ എഴുതാനാകുമോ എന്ന് ആശങ്കപ്പെട്ടെങ്കിലും ഒടുവിൽ ആംബുലൻസിലിരുന്ന് പിഎസ്‌സി പരീക്ഷ എഴുതി പൂർത്തിയാക്കി ഈ ഡോക്ടർ. പിഎസ്‌സി ഇന്നലെ നടത്തിയ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ പരീക്ഷയെഴുതാനാണ് കൊവിഡ് പോസിറ്റീവായ ഡോക്ടറുമെത്തിയത്.

കണ്ണൂർ ഗവ.ടിടിഐ സെന്ററിലാണ് ഇന്നലെ ഡോക്ടറെത്തി പരീക്ഷയെഴുതിയത്. 12 മണിയോടെ പരീക്ഷ പൂർത്തിയാക്കി മടങ്ങി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രിയിൽ നിന്ന് ആംബുലൻസിലാണ് ഡോക്ടർ പരീക്ഷയ്‌ക്കെത്തിയത്. പരീക്ഷാകേന്ദ്രത്തിലെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിലേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണു ചോദ്യവും മറ്റും എത്തിച്ചു നൽകിയത്.

കൊവിഡ് പോസിറ്റീവായതിനെ തുടർന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോക്ടറാണെന്ന സാഹചര്യം പരിഗണിച്ചാണ് പരീക്ഷയെഴുതാൻ പിഎസ്‌സി അവസരം നൽകിയത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു തന്നെ ഡോക്ടർ പരീക്ഷ പൂർത്തിയാക്കി മടങ്ങി. ആദ്യം എറണാകുളത്തെ സെന്ററായിരുന്നു തനിക്ക് അനുവദിച്ചിരുന്നതെന്നും പിന്നീട് കണ്ണൂരിലേക്ക് തന്നെ സെന്റർ മാറ്റി നൽകിയെന്നും ഡോക്ടർ പറയുന്നു. ‘4 ദിവസം മുമ്പാണ് കൊവിഡ് പോസിറ്റീവായത്. വിവരം അറിഞ്ഞയുടൻ തന്നെ പിഎസ്‌സി ബോർഡിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും പരീക്ഷ എഴുതാൻ സാധിക്കില്ലെന്നായിരുന്നു ആദ്യം അവരുടെ നിലപാട്. എന്നാൽ പിന്നീടു നടന്ന ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം ചർച്ച ചെയ്യുകയും പരീക്ഷയുടെ തലേന്നു രാവിലെ ബോർഡ് മെമ്പർ തന്നെ പരീക്ഷ എഴുതാമെന്ന കാര്യം എന്നെ വിളിച്ച് അറിയിക്കുകയായിരുന്നു. സൗകര്യാർത്ഥം കണ്ണൂരിലേക്കു സെന്റർ മാറ്റി നൽകുകയും ചെയ്തു.’ – പരീക്ഷ എഴുതിയ കൊവിഡ് പോസിറ്റീവായ ഡോക്ടർ പറയുന്നു.

Exit mobile version