ക്ഷണിക്കപ്പെടാത്ത അതിഥിയായി രേഷ്മയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ വന്നപ്പോള്‍ രേഷ്മയേക്കാള്‍ ഏറെ തളര്‍ന്നത് ഭര്‍ത്താവ് അഖിലായിരുന്നു. എങ്കിലും തന്റെ പ്രിയപ്പെട്ടവളെ കാന്‍സറിന് വിട്ടുകൊടുക്കാന്‍ അവന് തയ്യാറായില്ല. പൊന്നുപോലെ അവളെ അവന് ചേര്‍ത്തു പിടിച്ചു.
കീമോ കീരണങ്ങളില്‍ അവള് വെന്തുരുകിയപ്പോഴും രേഷ്മയെ അഖില്‍ ചേര്‍ത്തു നിര്‍ത്തി. അഖിലിന്റേയും രേഷ്മയുടേയും സ്നേഹകഥ സോഷ്യല്‍മീഡിയയിലൂടെ തുറന്നുകാട്ടുകയാണ് ലിജി. പ്രതീക്ഷകളുടെ മറുകര തേടിയുള്ള യാത്രയില്‍ തന്റെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഖിലും പറയുന്നു… .’.ഇങ്ങനെ ചേര്‍ത്തു പിടിക്കാനും വേണം ഭാഗ്യം…’
കുറിപ്പ് വായിക്കാം;
ഈ പ്രണയത്തിനു മുന്നില്‍ ക്യാന്‍സറും
തോറ്റു പോകും
ഇന്ന് സെപ്റ്റംബര്‍ 12…ഷിബസിന് സന്തോഷ സുദിനം. ഞങ്ങളുടെ സ്വന്തം രേഷ്മ അഖിലിന്റെ ജന്മദിനമാണിന്ന്. നീട്ടികിട്ടിയ ജീവിതത്തിന്റെയും യുദ്ധം ജയിച്ച പോരാട്ട വീര്യത്തിന്റെയും ആലോഷമാണ് ഓരോ ജന്മദിനവും ഞങ്ങള്‍ക്ക്.. ജീവന്റെ വില … ജീവിതത്തിന്റെ മുല്യം ഞങ്ങളോളം അറിഞ്ഞവര്‍ ആരുമുണ്ടാവില്ല. അതു കൊണ്ടുതന്നെ അര്മാദിക്കാന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ… പാട്ടും ഡാന്‍സും തമാശകളുമായി ഷിബസ് ശബ്ദമുഖരിതം.. അപകട വളവുകളിലും അതിസമര്‍ത്ഥമായി വളയം പിടിച്ച് ഷിബസിനെ മുന്നോട്ടു കൊണ്ടുപോവുകയാണ് ബിന്ദു.
ആഘോഷവേളയുടെ ഇടവേളയില്‍ ഞാന്‍ രേഷ്മക്കരികിലെത്തി. സ്വപനങ്ങളുടെ ചായക്കുട്ടുകള്‍കൊണ്ട് പ്രതീക്ഷയുടെ പുതു ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണവള്‍.. അവളുടെ പ്രണയാര്‍ദ്രമായ കണ്ണൂകള്ക്ക് എന്നോട് എന്തോ മന്ത്രിക്കാനുള്ളതുപോലെ.. ഞാന്‍ കാതും കണ്ണും ഹൃദയവും തുറന്ന് അവള്‍ക്കരികിലിരുന്നു.പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു പത്തനംതിട്ടക്കാരിയായ രേഷ്മക്ക്. നല്ലൊരു ചിത്രകാരി കൂടിയായ അവള് പ്ലസ് ടു കഴിഞ്ഞ് ആനിമേഷന്‍ കോഴ്സ് ചെയ്തു. പിന്നിട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സില്‍ ഡിപ്ളോമ എടുത്തു.. കുറച്ചു നാള് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി താല്കാലികാടിസ്ഥാനത്തില് ജോലി . ഒപ്പം psc യുടെ റാങ്ക് ലിസ്റ്റിലും കയറിപറ്റി.ലിസ്റ്റിട്ട് കൊതിപ്പിച്ചിട്ട് ക്യാന്‍സല്‍ ചെയ്യുന്ന സര്‍ക്കാരിന്റെ പതിവ് കളിയില്‍ ആ സ്വപ്നവും ക്യാന്‍സലായി.
ഇതിനിടയില്‍ രേഷ്മയുടെ മനസിന്റെ ക്യാന്‍വാസില്‍ പതിഞ്ഞു പോയ ഒരു ചിത്രമുണ്ടായിരുന്നു വീഡിയോഗ്രാഫര്‍ അഖിലിന്റെ..7 വര്‍ഷം നീണ്ട പ്രണയം.. ഒടുവില്‍ 2015 ല്‍ തന്റെ 24 മത്തെ വയസ്സില്‍ രേഷ്മയും അഖിലും വിവാഹിതരായി.. പ്രണയം ഒന്നുകൂടി തകൃതിയായി.. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും പരസ്പരം മുറിവേല്പിക്കാതെ.. ആരേയും അസൂയപ്പെടുത്തുന്ന പ്രണയജോഡികളായി അവര്‍ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോയി.. 2016ല്‍ സ്നേഹിക്കാന്‍ അവര്‍ക്കിടയില്‍ ഒരാള്‍ കൂടി എത്തി.. ധ്യാന്‍ മഹേശ്വര്.. രേഷ്മയുടെ സ്വന്തം കുഞ്ഞുണ്ണി.
മോന്റെ വരവില്‍ സ്നേഹം പങ്കുവച്ചു പോകുമോ എന്ന ഭയം രണ്ടു പേരിലുമുണ്ടായിരുന്നില്ല. അത്രയേറെ അവര്‍ പരസ്പരം അറിഞ്ഞിരുന്നു.. അംഗീകരിച്ചിരുന്നു.. പ്രണയിച്ചിരുന്നു… പ്രശ്നങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയാവുന്ന, നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാനില്ലേ നിന്റെ കൂടെ എന്ന് കാതില്‍ മന്ത്രിക്കുന്ന ഒരാള്‍ കൂടെയുണ്ടായാല്‍ അയാള്‍ ഈ ലോകം തന്നെ കീഴടക്കും… രേ ഷ്മയുടെ അഖിലും വീഡിയോഗ്രാഫറില്‍ നിന്നും സിനിമാറ്റോഗ്രാഫര്‍ ആയി.. ഷോര്‍ട്ട് ഫിലിം എഡിറ്ററായി… അടൂര്‍ ആര്‍ട്ട് കഫേ വെഡ്ഡിങ്ങ്സ് എന്ന പേരില്‍ സ്വന്തമായി ഒരു സ്റ്റുഡിയോയും തുടങ്ങി.. കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹത്തില്‍ രേഷ്മ പാര്‍ട് ടൈമായി ഡിഗ്രിക്കും ചേര്‍ന്നു..
ആരുടെയും ഹൃദയം കവരുന്ന ഇവരുടെ പ്രണയവും ജീവിതവും കണ്ട് ഈശ്വരന് തന്നെ അസൂയ തോന്നിയോ?? പ്രണയം മാറ്റുരച്ച് നോക്കാന്‍ ഈശ്വരന് തീരുമാനിക്കുന്നു.. 2018 ആഗസ്റ്റ് ആയപ്പോഴേക്കും രേഷ്മക്ക് വിട്ടുമാറാത്ത ചെറിയ പനിയും തുമ്മലും ഉണ്ടാവുന്നു .. അടുത്തുള്ള ക്ലിനിക്കില്‍ കാണിച്ചു. ബ്ലഡ് ടെസ്റ്റ് നടത്തി.ഹീമോ ഗ്ളോബിന് 5 ആയി കുറഞ്ഞിരിക്കുന്നു.. അവിടെ നിന്ന് ഡോക്ടര്‍ കുറച്ചു കൂടി സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുന്നു.. അങ്ങനെ തിരുവല്ല ബിലീവേഴ്സില്‍ എത്തി. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. എന്‍ഡോസ്കോപിയും
അവിടെവച്ച് HB പിന്നെയും കുറഞ്ഞ് 4 ല്‍ എത്തി.ഒരടി മുന്നോട്ട് നടക്കാനാവാതെ ശരീരം തളര്‍ന്നു.. തല കറങ്ങുന്നു… അവിടെ തന്നെ അഡ്മിറ്റായി നാലഞ്ച് കുപ്പി രക്തം കയറ്റി. ഒരു വിധം തലനേരെ നിക്കാറായപ്പോള്‍ തിരിച്ച് വീട്ടില്‍ എത്തി.
എന്‍ഡോസ്കോപിയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍ വിളിച്ചു. രേഷ്മയേയും കൂട്ടി എത്രയും പെട്ടന്ന് ഹോസ്പിറ്റലില്‍ എത്താന്‍ ആവശ്യപ്പെട്ടു. രേഷ്മക്ക് ഡിഗ്രിയുടെ പരീക്ഷയായിരുന്നു അന്ന്. അവള് പരീക്ഷ എഴുതാന്‍ വാശി പിടിച്ചെങ്കിലും അത് പിന്നെ എഴുതാമെന്ന് പറഞ്ഞ് അഖിലും ആങ്ങളയും കൂടി രേഷ്മയെയും കൂട്ടി ആശുപത്രിയിലെത്തി.മറ്റൊരു ജീവിത പരീക്ഷയിലേക്കുള്ള വിളിയായിരുന്നു അതെന്ന് അവള് ഒരിക്കലും നിനച്ചിരുന്നില്ല
രേഷ്മയെ പുറത്തിരുത്തി ഡോക്ടര്‍ അഖിലിനോടും സഹോദരനോടും സംസാരിച്ചു…pnet in pancreas അഥവാ primitive ectodermal tumour ..cancerous ആണ് .നാലാം സ്റ്റേജ്. തളര്‍ന്ന മനസും നിറകണ്ണുകളുമായി ഇറങ്ങി വന്ന അഖില്‍ തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവളുടെ മുഖത്തേക്ക് നോക്കാനാവാതെ അവള്‍ക്കരികില്‍ തളര്‍ന്നിരുന്നു. ആരും ഒന്നും സംസാരിച്ചില്ല..രേഷ്മയേയും കൂട്ടി നേരെ ഓങ്കോളജി ഡോക്ടറുടെ ക്യാബിനിലെത്തി… അഖിലും സഹോദരനും നിശബ്ദരായപ്പോള്‍ രേഷ്മ എല്ലാം വിശദമായി ഡോക്ടറോട് ചോദിച്ചറിഞ്ഞു. വളരെ അപൂര്‍വമായി കണ്ടുവരുന്ന ക്യാന്‍സറാണ്. ഇത് ചികിത്സിക്കാന്‍ അമൃതയായിരിക്കും നല്ലതെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവളൊന്ന് തളര്‍ന്നെങ്കിലും തന്റെ കണ്ണ് നിറഞ്ഞാല്‍ കൂടെ നില്ക്കുന്നവരുടെ ഹൃദയം തകരുമെന്ന തിരിച്ചറിവില്‍ എല്ലാവരേയും ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്നു..’ഇതൊന്നും സാരമില്ല ഏട്ടാ.. നമുക്ക് വരുന്നിടത്ത് വച്ച് കാണാം..’ രേഷ്മയുടെ ഈ വാക്കുകള്‍ പാതി ചത്ത അഖിലിന്റെ മനസിന് ജീവനേകി. അമ്യത ഹോസ്പിറ്റലില്‍ വീണ്ടും നിരവധി ടെസ്റ്റുകള്‍ നടത്തി. ശ്വാസകോശത്തിലേക്ക് കൂടി ക്യാന്‍സര്‍ വ്യാപിച്ചതിനാല്‍ കീമോചെയ്ത് ട്യൂമര്‍ ചുരുക്കി കൊണ്ടുവന്നതിന് ശേഷം സര്‍ജറി നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു..
4-5 ദിവസം നീണ്ടു നില്ക്കുന്ന 4 സൈക്കിള്‍ കീമോ കഴിഞ്ഞു.. സ്കാനിങ്ങില്‍ കുറവൊന്നും കണ്ടില്ല.. വീണ്ടും 3 സൈക്കിള്‍ കൂടി ചെയ്തപ്പോള്‍ ശ്വാസകോശം ക്യാന്‍സര്‍ വിമുക്തമായി.. അടുത്തത് സര്‍ജറി…ഡോ.സുധീന്ദ്രന്റെ നേതൃത്വത്തില്‍ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ… ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ രേഷ്മ…ഹൈ ടോസ് കീമോയുടെ എല്ലാ പാര്‍ശ്വഫലങ്ങളും അവള്‍ക്കുണ്ടായി… മുടി കൊഴിഞ്ഞു.. ശരീരമാകെ കറുത്ത് മെലിഞ്ഞു.. ഛര്‍ദ്ദിച്ച് അവശയായി.. എല്ലാം ഉപേക്ഷിച്ച് അഖില്‍ അവള്‍ക്കരികിലിരുന്നു.. അവള് വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അവന് അവളെ ചേര്‍ത്ത് പിടിച്ച് ഉറങ്ങാതെ കിടന്നു… ആ ഒരു ഊര്‍ജ്ജം രേഷ്മക്ക് എന്തിനേയും സധൈര്യം നേരിടാനുള്ള കരുത്തായി.
പടം വരക്കാനുള്ള അവളുടെ ഇഷ്ടം… കഴിവ് അറിയാവുന്ന അഖില്‍ അവള്‍ക്കായി ക്യാന്‍വാന്നും ചായകൂട്ടുകളും ഒരുക്കി.. എല്ലാം മറന്നവള് ചിത്രങ്ങള്‍ വരച്ചുകൂട്ടി… തന്റെ പ്രണയവും കണ്ണീരും വേദനയും എല്ലാം ബ്രഷില്‍ ചാലിച്ചെടുക്കുമ്പോള്‍ അതിനോളം വലിയ പെയിന്‍ കില്ലര്‍ മറ്റൊന്നില്ലാന്ന് അവള് തിരിച്ചറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളില്‍ ഒരു ഗായിക കൂടി ഉണ്ടെന്നറിഞ്ഞ അഖില്‍ പാട്ടു മൂളാന്‍ ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്ത് നല്കി. അതിലൂടെയവള്‍ പാടി പാടി തന്റെയുള്ളിലെ ഹീലിങ്ങ് എനര്‍ജിയെ ഉണര്‍ത്തി….
കോലം കെട്ട കോലത്തിലും അഖില്‍ രേഷ്മയെ ചേര്‍ത്ത് പിടിച്ച് ക്യാമറ ചലിപ്പിച്ചു.. ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത അതിമനോഹരമായ ആ ഫോട്ടോയ്ക്കടിയില്‍ അവന് ഇങ്ങനെ കുറിച്ചു..’പ്രിയപ്പെട്ടവ പലതുമുണ്ടാവാം. എന്നാല്‍ എന്റെ ലോകത്ത് നിന്നോളം പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നില്ല..’ ഇത് മതിയായിരുന്നു…. ഇത് മാത്രം മതിയായിരുന്നു രേഷ്മക്ക് തിരിച്ചു വരാന്‍. എത്ര ഉരച്ചാലും തങ്ങളുടെ പ്രണയത്തിന് മാറ്റ് കുടി വരികയേയുള്ളു എന്ന് അഖില്‍ ഈശ്വരനോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു
സര്‍ജറിക്ക് ശേഷമുള്ള കീമോ രേഷ്മയെ വല്ലാതെ തളര്‍ത്തി കളഞ്ഞു.. എഴുന്നേല്ക്കാനാവാതെ അവള് കട്ടിലില്‍ ചുരുണ്ടുകൂടി.. പച്ചവെള്ളം പോലും കുടിക്കാനാവാതെ.. രക്തം ഛര്‍ദ്ദിച്ച് 10 ദിവസം… അഖിലും അമ്മയും ഒരു കൊച്ചു കുട്ടിയെ നോക്കും പോലെ അവളെ പരിചരിച്ചു..അവളുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ സ്വന്തം കൈകളില്‍ ഏറ്റുവാങ്ങാന്‍ അവന് അറച്ചില്ല.. നിധി കാക്കും ഭൂതത്തെ പോലെ ഉറക്കമിളച്ച് അവള്‍ക്ക് കാവലിരുന്നു. 3 വയസ്സുള്ള കുഞ്ഞുണ്ണി അമ്മക്കരുകില്‍ വന്നിരുന്ന് എന്റെ അമ്മയുടെ ഉവ്വാവ് മാറ്റണേന്ന് ഈശ്വരനോട് ഉറക്കെ ഉറക്കെ പ്രാര്‍ത്ഥിച്ചു..
ബന്ധുക്കളും സുഹൃത്തുക്കളും പൂജയും പ്രാര്‍ത്ഥനയും ഉചവാസവുമായി തങ്ങളുടെ പ്രിയപ്പെട്ട രേഷ്മക്കു വേണ്ടി ഈശ്വരനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.. തളര്‍ന്ന ശരീരത്തിലും തളരാത്ത മനസുമായി അവള് പോരാടിക്കൊണ്ടിരുന്നു..
നെഞ്ചുരുകുന്ന വേദനയിലും അവള് കരഞ്ഞില്ല.. ആരേയും കരയാനും അനുവദിച്ചില്ല. ഏത് ദുരന്തങ്ങളെയും പോസിറ്റീവായി കാണാന്‍ അവള് പഠിച്ചിരുന്നു. അഖിലിന്റെയും മോന്റെയും സാമീപ്യം മാത്രം മതിയായിരുന്നു അവള്‍ക്ക് എഴുന്നേല്ക്കാന്… മെല്ലെ മെല്ലെ അഖിലിന്റെ വിരല്‍തുമ്പില്‍ പിടിച്ചവള് ചലിച്ചു തുടങ്ങി..
9 സൈക്കിള്‍ ആയപ്പഴേക്കും കീമോ നിര്‍ത്തി.. ഇപ്പോള്‍ മണര്‍കാടുള്ള ചെറിയാന് ഡോക്ടറുടെ ഹോളിസ്റ്റിക് ട്രീറ്റ്മെന്റിലാണ്.. നല്ല മാറ്റമുണ്ട്. ആരേയും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന നിഷ്കളങ്കമായ ആ പഴയ ചിരി അവളില്‍ തിരികെയെത്തിയിരിക്കുന്നു. ആ ചിരിയുടെ പ്രകാശത്തില്‍ അഖിലിന്റെ മുഖം വെട്ടി തിളങ്ങി. അവള് ചിരിക്കുമ്പോള്‍ ശാന്തമാവുകയും അവളുടെ മുഖം വാടുമ്പോള് കലങ്ങിമറിയുകയും ചെയ്യുന്ന പുഴയാണ് അവന്റെ മനസ്.അതിന്ന് ശാന്തമാണ്.
കൂടെയുണ്ട് എന്ന് പറയാന്‍ മാത്രമല്ല കൂടെയായിരിക്കാന്‍ ഒരാള്‍ ഉണ്ടായാല്‍ മതി ഏത് തളര്‍ന്ന ശരീരവും ജീവന് വയ്ക്കുമെന്ന് രേഷ്മ പറയുന്നു. രേഷ്മയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഖിലും പറയുന്നു… .’.ഇങ്ങനെ ചേര്‍ത്തു പിടിക്കാനും വേണം ഭാഗ്യം…’സമാനതകളില്ലാത്ത ഇവരുടെ അനശ്വര പ്രണയത്തിനു മുന്നില്‍ പരീക്ഷണം അവസാനിപ്പിച്ച് ഈശ്വരന് മടങ്ങട്ടെ..കുഞ്ഞുണ്ണിക്കൊപ്പം ഓടി കളിച്ചും അഖിലിന്റെ കൈ പിടിച്ച് യാത്ര ചെയ്തും അവള് പുതു ജീവിതം ആസ്വദിക്കുകയാണ്..പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ് ലോ പറഞ്ഞത് എത്ര ശരി…’ തോല്ക്കാന് ഒരു പാട് കാരണങ്ങളുണ്ടാവാം… എന്നാല്‍ ജയിക്കാന്‍ ഒറ്റ കാരണം മതി- ജയിക്കണമെന്ന ആഗ്രഹം’
ലിജി പന്തലാനി
Discussion about this post