വെള്ളനാട്: പുഴയില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പാലോട് പെരിങ്ങമ്മല ബംഗ്ലാവ് വിള വയലരികത്തു വീട്ടില്‍ സജിതി(19)നെ രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്തുചാടിയ വെള്ളനാട് കുളക്കോട് ചിത്തിരയില്‍ അരുണാ (36)ണ് മരിച്ചത്.
അരുണിന്റെ വീടിനു സമീപമുള്ള കുളക്കോട് ആറ്റുകാല്‍ കടവില്‍ ഇന്നലെ വൈകിട്ട് 3.30ന് ആണ് അപകടം. പുഴ കാണാനായി അരുണിനും ഭാര്യ അശ്വതിയ്ക്കും മക്കളായ ആരുഷ്, ആയുഷ് എന്നിവര്‍ക്കും ഒപ്പം എത്തിയതായിരുന്നു സജിത്. അതിനിടെ സജിത് കരമനയാറ്റില്‍ കുളിക്കാനിറങ്ങി. മറുകരയിലേക്ക് നീന്തി മടങ്ങി വരുന്നതിനിടെ ആറിന്റെ മധ്യഭാഗത്തു വെച്ച് സജിതിനെ കാണാതായി.
സംഭവം ശ്രദ്ധയില്‍പ്പെട്ട അരുണ്‍ രക്ഷിക്കാനായി ഉടന്‍ ആറ്റിലേക്ക് ചാടി. നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് അരുണ്‍ എടുത്ത് ചാടിയത് ഭാര്യയും മക്കളും നോക്കി നില്‍ക്കെയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇരുവരും കണ്‍മുന്നില്‍ നിന്നും മറയുന്നതു നിസ്സഹായരായി നോക്കി നിലവിളിക്കാനേ കരയില്‍ നിന്നവര്‍ക്കു സാധിച്ചുള്ളൂ.
കരയില്‍ ഉണ്ടായിരുന്ന ബന്ധുക്കളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് തിരിച്ചടിയായി. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ആറ്റിലെ ജലനിരപ്പും ഉയര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ ആറോടെ അരുണിന്റെ മൃതദേഹം കിട്ടി.
രാത്രി 7ന് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അരുണിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശിവന്റെയും ബിന്ദുവിന്റെയും മകനായ സജിത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
Discussion about this post