തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നത് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമായ വൈറസ് എന്ന് പഠനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജും ഡല്‍ഹിയിലെ സിഎസ്ഐആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി(ഐ.ജി.ഐ.ബി.)യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമീപ ജില്ലകളില്‍നിന്നെത്തിയ രോഗികളില്‍നിന്ന് ശേഖരിച്ച 170ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണു നടത്തിയത്. സിഎസ്ഐആര്‍ ആണ് ജനിതകശ്രേണീനിര്ണയം നടത്തിയത്.
കൊവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോര്‍ട്ട് ആണിത്. കേരളത്തില്‍ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയില്‍ ‘ഡി 614 ജി’ എന്ന ജനിതക വ്യതിയാനമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജനിതകവ്യതിയാനം സാധാരണമാണെങ്കിലും സംസ്ഥാനത്ത് കണ്ടെത്തിയത് വര്‍ധിച്ച വ്യാപനശേഷിയുള്ള വൈറസ് ഘടനയുള്ളതാണെന്നാണ് നിലവിലെ വിലയിരുത്തല്‍. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ആവശ്യമാണെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നതായും മുഖ്യഗവേഷകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗം പ്രൊഫസറും എമര്‍ജന്‍സി മെഡിസിന് മേധാവിയുമായ ഡോ. ചാന്ദ്നി രാധാകൃഷ്ണന് പറഞ്ഞു.
അതേസമയം വുഹാനില്‍നിന്നെത്തിയ ആദ്യ രോഗികളുടെ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവിധേയമാക്കിയിരുന്നു. ഇതരസംസ്ഥാന യാത്രക്കാരില്‍നിന്നാണ് ബഹുഭൂരിപക്ഷ വൈറസ് വ്യാപനവും ഉണ്ടായിട്ടുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, ട്രാക്കിങ്, ക്വാറന്റൈന് എന്നിവ ഫലപ്രദമായിരുന്നുവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post