‘കേരളത്തിന് പുറത്ത് ഇഡി രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങള്‍, കേരളത്തില്‍ വന്നാല്‍ അവയെല്ലാം വിശുദ്ധ പശുക്കള്‍’; കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് എംബി രാജേഷ്

പാലക്കാട്: മന്ത്രി കെടി ജലീലിനോട് ഇഡി മൊഴിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച് എംബി രാജേഷ്. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ 105 ദിവസം ഇ.ഡി ജയിലില്‍ അടച്ചപ്പോഴും, പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യപ്പോഴും അവരോക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങള്‍ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍
കേരളത്തില്‍ വന്നപ്പോള്‍ അവയെല്ലാം കോണ്‍ഗ്രസിന് വിശുദ്ധ പശുക്കള്‍ ആയി മാറി എന്നും എംബി രാജേഷ് പരിഹസിച്ചു.

കേന്ദ്ര ഏജന്‍സികള്‍ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോള്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സികളെ ഇനിയിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിച്ചാല്‍ പോലും മാദ്ധ്യമ ആഘോഷങ്ങള്‍ക്കും പ്രതിപക്ഷ പുകമറക്കുമപ്പുറം ഇടതുപക്ഷത്തെ ഒന്നും ചെയ്യാനാവില്ല എന്നുറപ്പുള്ളതുകൊണ്ടാണ്
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എന്നും എംബി രാജേഷ് പറഞ്ഞു.

ആരോപണങ്ങളെല്ലാം വ്യാജവും തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെയുള്ളതുമാണ് എന്ന് ബോദ്ധ്യമുള്ളതുകൊണ്ട് .കൈകള്‍ ശുദ്ധമാണ് എന്ന ധൈര്യമുള്ളതുകൊണ്ട് കൂടി ആണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു എംബി രാജേഷ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

എന്‍.ഐ.ഏ.,കസ്റ്റംസ്, ഇ.ഡി. എന്നീ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്തില്‍ നടത്തുന്ന അന്വേഷണത്തിനെതിരെ കേരള സര്‍ക്കാരോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയോ മുന്നണിയോ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ബംഗാളിലും മറ്റും മമത അന്വേഷണത്തിനു വന്ന കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകവരെ ചെയ്ത അനുഭവമുണ്ടായ രാജ്യമാണിതെന്നോര്‍ക്കണം .കേന്ദ്ര ഏജന്‍സികള്‍ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോള്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പിന്നെന്തു കൊണ്ട്? കേന്ദ്ര ഏജന്‍സികളെ ഇനിയിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിച്ചാല്‍ പോലും മാദ്ധ്യമ ആഘോഷങ്ങള്‍ക്കും പ്രതിപക്ഷ പുകമറക്കുമപ്പുറം ഇടതുപക്ഷത്തെ ഒന്നും ചെയ്യാനാവില്ല എന്നുറപ്പുള്ളതുകൊണ്ട് . ആരോപണങ്ങളെല്ലാം വ്യാജവും തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെയുള്ളതുമാണ് എന്ന് ബോദ്ധ്യമുള്ളതുകൊണ്ട് .കൈകള്‍ ശുദ്ധമാണ് എന്ന ധൈര്യമുള്ളതുകൊണ്ട് .

എന്നാല്‍ കോണ്‍ഗ്രസ് നിലപാടോ? കേരളത്തിന് പുറത്ത് ഇഡിയും സിബിഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങള്‍.കേരളത്തില്‍ വന്നാല്‍ അവയെല്ലാം വിശുദ്ധ പശുക്കള്‍. അവിടെ ഇഡി കേസെടുത്ത് ജയിലിലിട്ടാല്‍ വലിയ പദവികളിലേക്ക് പ്രൊമോഷന്‍. ഇവിടെ വെറുതെ ചോദ്യം ചെയ്താല്‍ തന്നെ ഉടന്‍ പദവി ഒഴിയണം.ഈ അവസരവാദം എണ്ണിയെണ്ണി പറയാം.

1. രാഹുല്‍ ഗാന്ധി:ചിദംബരത്തെ സ്വഭാവഹത്യ നടത്താന്‍ കേന്ദ്രം ഇ.ഡി., സി.ബി.ഐ. ,മാദ്ധ്യമങ്ങള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു.

2. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇതേ ഇഡി ചോദ്യം ചെയ്തത് 12 തവണ! ആകെ 70 മണിക്കൂര്‍ വാദ്രയെ ചോദ്യം ചെയ്യാന്‍ ഇ.ഡി.ഓഫീസില്‍ കൊണ്ടുവിട്ടത് പ്രിയങ്കാ ഗാന്ധി തന്നെ.
UPA സര്‍ക്കാരിന്റെ കാലത്തെ പ്രതിരോധ, പെട്രോളിയം ഇടപാടുകളില്‍ കോഴ വാങ്ങിയതിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസ് . വാദ്ര കുറ്റവാളിയാണെന്ന് കോണ്‍ഗ്രസും കേരളത്തിലെ പ്രതിപക്ഷനേതാവും അംഗീകരിച്ചിട്ടുണ്ടോ?

3. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ഇ.ഡി.ജയിലിലടച്ചത് 105 ദിവസം. കേസില്‍ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിയും കൂട്ടു പ്രതി. ജയിലില്‍ നിന്നിറങ്ങിയ ചിദംബരത്തെ പ്രവര്‍ത്തക സമിതിയംഗമാക്കി ഉയര്‍ത്തി. രാജ്യസഭയില്‍ തുടര്‍ന്നു.മകന്‍ ലോക്‌സഭയിലും

4. കര്‍ണാടക മുന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ആഴ്ചകള്‍. പുറത്തിറങ്ങിയപ്പോള്‍ പി.സി.സി. പ്രസിഡന്റാക്കി.

5. അഹമ്മദ് പട്ടേലിനെ ഇ ഡി ചോദ്യം ചെയ്തത് 4 തവണയായി 27 മണിക്കൂര്‍. രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായി തുടരുന്നു.

6. രാജസ്ഥാന്‍ കോണ്‍ഗ്രസ് മന്ത്രി പ്രതാപ് സിങ്ങ് വാസനെ 7 മണിക്കൂര്‍ ഇ ഡി ചോദ്യം ചെയ്തത് ഒരു മാസം മുമ്പ്.( ഓഗ .13, 2020)
രാജിവെച്ചോ?

7. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സഹോദരന്റെ വീട് ഇഡി റെയ്ഡ് നടത്തിയതും ചോദ്യം ചെയ്തതും ഈ ജൂലൈ 23 ന്. മുഖ്യമന്ത്രി സമാധാനം പറഞ്ഞോ?

8. കമല്‍നാഥിന്റെ അനന്തിരവനെ 354 കോടിയുടെ അഴിമതിയില്‍ അറസ്റ്റ് ചെയ്തു? കമല്‍നാഥും കോണ്‍ഗ്രസും എന്തു പറഞ്ഞു?

9. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ഹുഡയെ ഇഡി ചോദ്യം ചെയ്തപ്പോഴോ?

10. വാദ്ര മുതല്‍ ശിവകുമാര്‍ വരെയുള്ളവരെ ഇഡി ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് എന്നു പറഞ്ഞു?
‘രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നു’- കെ.സി.വേണുഗോപാല്‍

ഇഡിയും സിബിഐയും ബി ജെ പിയുടെ കളിപ്പാവകള്‍ ഇവ രണ്ടും Dirty Tricks Department- പറഞ്ഞത് കോണ്‍ഗ്രസ് വക്താവ് സുര്‍ ജേവാല

ഇനി ബി.ജെ.പിയുടെ കാര്യം
1. ഭൂമി- ഖനി അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന യെദ്യൂരപ്പയെ കേസ് നിലനില്‍ക്കേ വീണ്ടും മുഖ്യമന്ത്രിയാക്കി.

2. ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാരെ 16500 കോടിയുടെ ഖനി അഴിമതിക്കേസില്‍ പ്രതികളാണെന്നു കണക്കിലെടുക്കാതെ മന്ത്രിയാക്കി. പിന്നീട് അന്വേഷണം എങ്ങുമെത്താതെ കിടക്കുന്നു.

3. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ അഴിമതി കേസില്‍ പ്രതിയായിട്ടും രാജ്യസഭാംഗമാക്കി.

4. ഇപ്പോള്‍ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കേ രാജിവെക്കേണ്ടി വന്ന ഭൂമി – ജലവൈദ്യുത പദ്ധതി അഴിമതി കേസ് അട്ടിമറിക്കപ്പെട്ടു.

5. വ്യാപം അഴിമതിക്കേസില്‍ മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരായ അന്വേഷണം നിര്‍വീര്യമാക്കുകയും CBI ക്ലീന്‍ ചിറ്റ് കൊടുക്കുകയും ചെയ്തു.

6. ബി.ജെ.പി തന്നെ ഉന്നയിച്ച ലൂയിസ് ബര്‍ഗര്‍ അഴിമതിയില്‍ പ്രതിയായ ഹിമന്ത ബിശ്വാസ് ശര്‍മ്മ പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ എത്തി ആസ്സാം മുഖ്യമന്ത്രിയായതോടെ അന്വേഷണം ആവിയാക്കി.

7. ശാരദചിട്ട് ഫണ്ട് കേസിലെ പ്രതി മുകുള്‍ റോയ് തൃണമുല്‍ വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ ആ അന്വേഷണവും എങ്ങുമെത്താതെ നീളുന്നു.

ഇങ്ങനെയുള്ള കോണ്‍ഗ്രസും ബി.ജെ.പി.യുമാണ് വെറും ചോദ്യം ചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂത്ത് നടത്തുന്നത്. ഇപ്പോള്‍ അറ്റാഷെ ചിത്രത്തിലില്ല. മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെ ഇതുവരെ വിട്ടുകിട്ടാത്തതില്‍ ആര്‍ക്കും പരാതിയില്ല. സ്വര്‍ണത്തിന്റെ സ്വീകര്‍ത്താവും അയച്ചവനും ആരെന്ന് ആര്‍ക്കും പ്രശ്‌നമല്ല. നയതന്ത്ര ബാഗേജ് അല്ലെന്നും അറ്റാ ഷെ നിരപരാധിയെന്ന് വാദിച്ച് പൊളിഞ്ഞവരുടെ പങ്കിനെക്കുറിച്ച് അന്വേഷണമില്ല. രക്ഷപ്പെടാന്‍ ഉപായം പറഞ്ഞു കൊടുത്തവനെ സൂത്രത്തില്‍ ഊരിയെടുത്തത് അറിഞ്ഞമട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതില്‍ ചര്‍ച്ചയില്ല. ഇ ഡി വക്കീലിനെ പാതിരായ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാറ്റി ‘ പറ്റിയ ‘ആളെ നിയമിച്ചതില്‍ വാര്‍ത്തയില്ല. എന്‍.ഐ.എ യും കസ്റ്റംസും നടത്തുന്ന സ്വര്‍ണ്ണക്കടത്ത് അന്വേഷണം ഇ ഡി അന്വേഷണം മാത്രമായി വഴിമാറിയതിലും ‘നിഷ്പക്ഷര്‍ക്ക് ‘ സംശയമൊന്നുമില്ല. ഈ കേസില്‍ ആകെ അവശേഷിക്കുന്നത് രാഷ്ട്രീയ കോലാഹലം മാത്രം. അത് തെരഞ്ഞെടുപ്പു വരെ തുടരും. അതു വരെ ആട്ടക്കലാശം അരങ്ങു തകര്‍ക്കും

Exit mobile version