“കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ, അന്ന് ആരെങ്കിലും രാജിവെച്ചിരുന്നോ”;പ്രതിപക്ഷം സമരം നടത്തി കൊവിഡ് പരത്തുകയാണെന്നും കടകംപള്ളി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ കെടി ജലീല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രിയോട് ചില കാര്യങ്ങള്‍ ഇഡി ചോദിച്ചറിയുക മാത്രമാണ് നടന്നിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി കെടി ജലിലിനോട് ചില കാര്യങ്ങള്‍ ഇഡി ചോദിച്ചറിയുക മാത്രമാണ് നടന്നിട്ടുള്ളത്. അതിന് ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടോ. കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജന്‍സികള്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലേ. അന്ന് ആരെങ്കിലും രാജിവെച്ചിരുന്നോ എന്നും കടകംപള്ളി ചോദിച്ചു.

കഴിഞ്ഞ മന്ത്രിസഭയില്‍ ഏത് മന്ത്രിമാരാ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായിട്ടുള്ളത്, കേന്ദ്രമന്ത്രി സഭയിലെ മന്ത്രിമാരെ ചോദ്യം ചെയ്തിട്ടില്ലേ. അനാവശ്യമായ കാര്യമാണ് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.

മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റായി ഒന്നും ഇല്ല. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെടി ജലീല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷം സമരം നടത്തി കൊവിഡ് പരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു.

Exit mobile version