കോഴിക്കോട്: ഇരട്ടത്തലയുമായി ജനിച്ച പശുക്കിടാവ് ഒടുവില്‍ ചത്തു. പേരാമ്പ്ര പാലേരി തരിപ്പിലോട് ടിപി പ്രേമജന്റെ വീട്ടിലെ പശുവാണ് കഴിഞ്ഞ ദിവസം ഇരട്ടത്തലയുള്ള കിടാവിന് ജന്മം നല്‍കിയത്. പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലായിരുന്നു ഈ അപൂവ്വ പിറവി. രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായും ഉള്ള കിടാവ് ജനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ കാലുകള്‍ക്കും വാലുമെല്ലാം വ്യത്യാസമുണ്ടായിരുന്നില്ല. ലക്ഷത്തില്‍ ഒന്നോ രണ്ടോ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിതെന്നാണ് വെറ്ററനറി സര്‍ജന്‍മാരും മൃഗസംരക്ഷകരും പ്രതികരിച്ചു. അതേസമയം, തല ഉയര്‍ത്തി നില്‍ക്കാനും എഴുന്നേല്‍ക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു കിടാവ്.
പക്ഷേ കൊടുക്കുന്ന പാല്‍ രണ്ടു വായിലൂടെയും കുടിച്ചിരുന്നു. സങ്കര ഇനത്തില്‍ പെട്ട പശുവിന്റെ പ്രസവത്തിലാണ് അപൂര്‍വതയുണ്ടായത്. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയാണ് കുട്ടിയെ പുറത്തെടുത്തത്. വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. രണ്ട് ദിവസം മാത്രമായിരുന്നു ഈ അപൂര്‍വ്വ കിടാവിന് ആയുസ്.
Discussion about this post