കണ്ണൂര്‍: തെരുവോരത്ത് പഴക്കച്ചവടം നടത്തിയയാളുടെ ഉന്തുവണ്ടിയും പഴങ്ങളും ഒരു പോലീസുദ്യോഗസ്ഥന്‍ ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള സംഭവത്തിന്റെ വീഡിയോയാണ് ഇത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2ഓടെ നടന്ന സംഭവത്തിന്റെ വിഡിയോ വൈകിട്ടാണ് പ്രചരിച്ചത്.
വഴിയോരത്ത് ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്നയാളുമായി കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ബി.എസ്.ബാവിഷും സംഘവുമാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ക്ഷുഭിതനായ പോലീസുദ്യോഗസ്ഥന്‍ യുവാവിനെ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന് എസ്‌ഐ ബാവിഷ് തിരികെ വന്നു ഉന്തുവണ്ടില്‍ ചവിട്ടിയതോടെ പഴങ്ങള്‍ നിലത്ത് വീഴുകയും ചെയ്തു.
കാഴ്ച കണ്ടുനിന്ന സമീപത്തുണ്ടായവരാണു മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ എസ്‌ഐ ബി.എസ്.ബാവിഷ് സംഭവത്തെ കുറിച്ച് വിശദീകരിച്ചു.
പൊതുജനത്തിനു തടസ്സമാകും വിധം കച്ചവടം നടത്തിയതിനാണ് ഇടപെട്ടത്. നേരത്തേയും ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡരികില്‍ വച്ച പഴങ്ങള്‍ നീക്കുക മാത്രമാണ് ചെയ്തത്. പഴം മൊത്തവിതരണക്കാരുടെ പ്രതിനിധിയായാണ് ഇയാള്‍ കച്ചവടത്തിന് എത്തിയത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുജനത്തിനു യാത്രാ തടസ്സം ഉണ്ടാക്കിയതിനും കേസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വഴിയോര കച്ചവടക്കാരോട് ഉത്തരേന്ത്യന്‍ മോഡലില്‍ പൊലീസ് നടപടി കൈകൊള്ളുന്നതിനോട് യോജിക്കാനാകില്ലെന്ന് കണ്ണൂര്‍ ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് ചേംബര്‍ വ്യക്തമാക്കി. . നിയമപാലകര്‍ തന്നെ പരസ്യമായി നിയമ ലംഘനം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു നിരക്കാത്തതാണെന്നും മാര്‍ക്കറ്റില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റി ഉന്നത തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കണ്ണൂര്‍ ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് ചേംബര്‍ പറഞ്ഞു.
Discussion about this post