തിരുവനന്തപുരം: ബെവ് ക്യു ആപ്പ് വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്ന് ബീവറേജസ് കോര്പറേഷന്. മദ്യവില്പനയില് നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്പറേഷന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ബീവറേജസ് കോര്പറേഷന് എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവില്‍ വന്നു. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍. ഇനി മുതല്‍ മദ്യവില്പന ശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് നടപ്പാക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവില്പനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം, ആപ്പ് വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്ന നിര്‍ദേശം മദ്യവില്പനയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താല്‍ വില്പനാശാലയിലെ സ്റ്റോക്ക് കുറയും.
മാത്രമല്ല ചുരുക്കം ബ്രാന്‍ഡുകള്‍ മാത്രമാണ് ഔട്ട്ലെറ്റുകളിലെത്തുക. ആവശ്യക്കാര്‍ക്ക് പ്രിയമുള്ള ബ്രാന്‍ഡുകള്‍ വാങ്ങുന്നതിന് ഇത് തടസ്സമാകും. ഔട്ട്ലെറ്റിലുള്ള ബ്രാന്‍ഡ് വാങ്ങാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാകും. മദ്യക്കമ്പനികള്‍ വിതരണം കുറച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന.
Discussion about this post