വേണാടും ജനശതാബ്ദികളും റദ്ദാക്കില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകളും റദ്ദാക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ഈ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഈ മൂന്ന് തീവണ്ടികളും ഈ ശനിയാഴ്ച മുതല്‍ ഓടില്ലെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച റെയില്‍വേ അറിയിച്ചത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ തയാറായത്. മന്ത്രി ജി സുധാകരന്‍ റെയില്‍വേമന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചിരുന്നു. കോഴിക്കോട് എംപി എംകെ രാഘവന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ നേരിട്ടുകണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ തീരുമാനം പിന്‍വലിച്ചത്.

മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തില്‍ തന്നെ ഓടുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം വൈകീട്ടാണ് തിരുവനന്തപുരം ഡിവിഷന്‍ ആസ്ഥാനത്ത് ലഭിച്ചത്. കൊങ്കണ്‍ പാതയിലെ തടസ്സങ്ങളെ തുടര്‍ന്ന് നിര്‍ത്തിയ നേത്രാവതി, രാജധാനി എക്‌സ്പ്രസുകളും 15 മുതല്‍ ഓടിതുടങ്ങുമെന്നും റെയില്‍വേ അറിയിച്ചു.

Exit mobile version